അണ്ടോൾ-പൊതാവൂർ റോഡ് പാലം; 30 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി കാത്ത് നാട്ടുകാർ
text_fieldsനിലവിൽ രണ്ട് കരക്കാർ ഉപയോഗിക്കുന്ന അണ്ടോൾ-പൊതാവൂർ തൂക്കുപാലം
നീലേശ്വരം: വർഷങ്ങളായി തൂക്കുപാലത്തിൽ സഞ്ചരിക്കുന്ന ഒരു ജനത റോഡ് പാലത്തിനായി വർഷങ്ങളായി കാത്തിരിക്കുന്നു. കിനാനൂർ-കരിന്തളം, കയ്യൂർ-ചീമേനി എന്നീ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് തേജസ്വിനി പുഴക്ക് കുറുകെ നിർമിക്കാൻ നിർദേശിക്കപ്പെട്ട അണ്ടോൾ-പൊതാവൂർ റോഡ് പാലത്തിനാണ് സർക്കാരിന്റെ ഭരണാനുമതിക്കായി കാത്തിരിക്കുന്നത്. 250 മീറ്റർ നീളത്തിലും 7.5 മീറ്റർ വീതിയിലും ആവശ്യമായ നടപ്പാതയോടും കൂടി നിർമിക്കാൻ ഉദ്ദേശിക്കുന്ന പുതിയ റോഡ് പാലത്തിനും അപ്രോച്ച് റോഡുകൾക്കുമായി 30 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഇതുസംബന്ധിച്ച് പൊതുമരാമത്ത് പാലം വിഭാഗം സൂപ്രണ്ടിങ് എൻജിനീയർ, ചീഫ് എൻജിനീയർക്ക് വിശദമായ റിപ്പോർട്ട് സമർപ്പിച്ചതുമാണ്.
നിലവിൽ ഇവിടെയുള്ള 200 മീറ്റർ നീളമുള്ള തൂക്കുപാലമാണ് ജനങ്ങളുടെ ഏക സഞ്ചാര ആശ്രയം. എന്നാൽ, മഴക്കാലത്ത് പുഴയിൽ വെള്ളം ഉയർന്ന് കൈവരിക്ക് മുകളിലൂടെ ഒഴുകുന്നത് യാത്രാക്ലേശം അതീവ ഗുരുതരമാക്കുന്നു.
ചീമേനി ഗവ. സ്കൂൾ, പള്ളിപ്പുറം ഐ.എച്ച്.ആർ.ഡി കോളജ് എന്നിവിടങ്ങളിലെ വിദ്യാർഥികളടക്കം നൂറുകണക്കിന് ആളുകളാണ് ദിവസേന ഈ തൂക്കുപാലത്തിലൂടെ അപകടയാത്ര നടത്തുന്നത്. 47 വർഷം മുമ്പ് കടത്തുതോണി മറിഞ്ഞ് അഞ്ചുപേർ ഇവിടെ മരിച്ചിച്ചുണ്ട്.
പുതിയ പാലം യാഥാർഥ്യമായാൽ പ്രദേശവാസികൾക്ക് 16 കിലോമീറ്ററോളം ചുറ്റിക്കറങ്ങാതെ കരിന്തളം പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, കരിന്തളം കുടുംബാരോഗ്യ കേന്ദ്രം, ചായ്യോത്ത് ഗവ. സ്കൂൾ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ എളുപ്പത്തിൽ എത്തിച്ചേരാനാകും. ഈ പ്രോജക്ടിന് എത്രയും വേഗം ഭരണാനുമതി ലഭ്യമാക്കി നിർമാണത്തിലേക്ക് കടക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.


