കാലം മായ്ക്കാതെ ഈ ചുമരെഴുത്ത്
text_fields1954ൽ കെ.സി.യു. രാജയെ വിജയിപ്പിക്കണമെന്ന
അഭ്യർഥനയുള്ള നീലേശ്വരത്തെ ചുമരെഴുത്ത്
നീലേശ്വരം (കാസർകോട്): കാലം മായ്ക്കാത്ത മുറിവില്ലെന്ന് പഴമക്കാർ പറയാറുണ്ട്. എന്നാൽ, കാലത്തിന്റെ കുത്തൊഴുക്കിലും മങ്ങാതെ എഴുപതാണ്ടിന്റെ ഓർമകളുമായി ഒരു തെരഞ്ഞെടുപ്പ് ചുമരെഴുത്ത് ഇന്നും മായാതെ നീലേശ്വരത്തുണ്ട്. നീലേശ്വരം കേന്ദ്രീകരിച്ച് ഗ്രാമപഞ്ചായത്ത് രൂപവത്കരിക്കുന്നതിന് മുമ്പുള്ള ചുമരെഴുത്താണിത്.
പഴയ നീലേശ്വരം നഗരസഭ ഓഫിസിന് പിറകിലുളള കണ്ണേട്ടന്റെ കഞ്ഞിക്കടയുടെ ചുമരിലാണിതുള്ളത്. 1954ൽ നീലേശ്വരം ഒന്നാം വില്ലേജ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച നീലേശ്വരത്തെ ഡോ. കെ.സി.യു. രാജക്ക് വോട്ട് രേഖപ്പെടുത്തുക എന്ന ചുമരെഴുത്താണ് ഇന്നും ചരിത്രരേഖയായി അവശേഷിക്കുന്നത്. ഇപ്പോഴത്തെ തമ്പുരാൻ ഡോക്ടറെന്ന് ജനങ്ങൾ വിശേഷിപ്പിക്കുന്ന കെ.സി.കെ. രാജയുടെ അമ്മാവനാണ് ഇദ്ദേഹം.
അന്ന് നീലേശ്വരം അങ്ങാടി ഉൾപ്പെടുന്ന ഒന്നാം വില്ലേജും പുതുക്കൈ ഉൾപ്പെടെയുള്ള രണ്ടാം വില്ലേജും അടങ്ങിയതാണ് നീലേശ്വരം പഞ്ചായത്ത് ഭരണസമിതി. ആ തെരഞ്ഞെടുപ്പിൽ വിജയിച്ച കെ.സി.യു. രാജ ഒന്നാം വില്ലേജ് പഞ്ചായത്ത് പ്രസിഡന്റായി. രണ്ടാം വില്ലേജ് പഞ്ചായത്തിൽ വിജയിച്ച് കെ.വി. കുമാരനും പ്രസിഡന്റായി. അന്ന് വാർഡുകളുടെ വിഭജനമൊന്നുമില്ല. പ്രദേശത്തിന്റെ ഒരു അതിർത്തി ഇത്രയാണെന്നുപറഞ്ഞ് നിർണയിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
പിന്നീട് രണ്ടു വില്ലേജ് പഞ്ചായത്തും ഒരുമിച്ചുചേർത്താണ് 1963ൽ നീലേശ്വരം ഗ്രാമപഞ്ചായത്ത് രൂപവത്കരിച്ചത്. ആദ്യ ബാലറ്റ് പേപ്പർ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ എൻ.കെ. കുട്ടൻ പഞ്ചായത്ത് പ്രസിഡന്റായി ഭരണസംവിധാനത്തിന്റെ ചുക്കാൻപിടിച്ചു. എന്നാൽ, കാലമെത്ര കടന്നുപോയിട്ടും നീലേശ്വരത്തെ ചുമരിൽ തെരഞ്ഞെടുപ്പോർമകളുടെ മായാത്ത ചുമരെഴുത്ത് ഇന്നും കാണാം.


