ദേശീയപാത വികസനം; നിലവിലുള്ള റോഡ് ഇല്ലാതാക്കരുത്, മേൽപാലം നിർമിക്കണം
text_fieldsദേശീയപാത കോട്ടപ്പുറം റോഡ് ജങ്ഷൻ
നീലേശ്വരം: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമാണം പുരോഗമിക്കുമ്പോൾ ഹൈവേയിൽനിന്ന് തുടങ്ങുന്ന കോട്ടപ്പുറം റോഡ് ജങ്ഷൻ മതിൽ കെട്ടി അടച്ചിടരുതെന്ന ആവശ്യം ശക്തമായി. ഈ ഭാഗം അടച്ചാൽ തീരദേശവാസികൾ പൂർണമായും ഒറ്റപ്പെടും. കോട്ടപ്പുറം, ഓർച്ച, പുറത്തെക്കൈ, കടിഞ്ഞിമൂല, മടക്കര, തുരുത്തി ഭാഗങ്ങളിൽ താമസിക്കുന്നവർക്ക് റോഡടച്ചാൽ ഗതാഗതം പൂർണമായും വഴിമുട്ടും. ഹൈവേയിൽനിന്ന് കോട്ടപ്പുറം ഓർച്ച ഭാഗത്തേക്കും തിരിച്ച് ഹൈവേയിലേക്ക് പ്രവേശിക്കുന്നതും ഇതോടെ ഇല്ലാതാകും.
അതുകൊണ്ട് ഹൈവേ-കോട്ടപ്പുറം ജങ്ഷനിൽ ഒരു മേൽപാലമോ അടിപ്പാതയോ നിർമിച്ച് ഗതാഗതം സുഗമമാക്കണമെന്നാണ് നാട്ടുകാർ ഹൈവേ അധികൃതരോട് ആവശ്യപ്പെടുന്നത്. ടൂറിസം കേന്ദ്രങ്ങളായ കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ, അഴിത്തല ബീച്ച് എന്നിവിടങ്ങളിലേക്കെത്തുന്ന സഞ്ചാരികളും ഗതാഗതസൗകര്യം ഇല്ലാതായാൽ വഴിമുട്ടും. മാത്രമല്ല, നിർമാണം പൂർത്തിയായി ഉദ്ഘാടനത്തിനൊരുങ്ങുന്ന കടിഞ്ഞിമൂല-മാട്ടുമ്മൽ പാലത്തിലെ ഗതാഗതവും തടസ്സപ്പെടും.
കോട്ടപ്പുറം റോഡ് ജങ്ഷനിൽ നിലവിലുള്ള ഗതാഗതമില്ലാതായാൽ പകരം സംവിധാനം ഏർപ്പെടുത്തിയാൽ മാത്രമേ തീരദേശ റോഡിലെ ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരമാവുകയുള്ളൂ. ഈ ഭാഗങ്ങളിലേക്ക് കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പൊലീസ് സ്റ്റേഷന് മുന്നിലെ അടിപ്പാത ചുറ്റി വീണ്ടും സർവിസ് റോഡ് വഴി സഞ്ചരിച്ചാൽ മാത്രമേ കോട്ടപ്പുറം-ഓർച്ച റോഡിലേക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളൂ.
കോട്ടപ്പുറം റോഡ് വഴിവരുന്ന വാഹനങ്ങൾക്ക് പയ്യന്നൂർ ഭാഗത്തേക്ക് പോകണമെങ്കിൽ സർവിസ് റോഡ് വഴി പടന്നക്കാട് തോട്ടം അടിപ്പാതയിൽ കൂടി സഞ്ചരിക്കണം. നാടും നഗരവുമുണ്ടായ കാലം മുതലുള്ള വഴി ദേശീയപാത നിർമാണം മൂലം അടഞ്ഞാൽ തീരദേശം മുഴുവൻ സഞ്ചരിക്കാൻ പാതയില്ലാതെ ഒറ്റപ്പെടുന്ന സ്ഥിതിവരും. ടൂറിസ്റ്റ് കേന്ദ്രമായ കോട്ടപ്പുറം ഹൗസ് ടെർമിനൽ, വലിയപറമ്പ് ബാക്ക് വാട്ടർ, അച്ചാംതുരുത്തി, ഓർച്ച, കടിഞ്ഞിമൂല എന്നിവിടങ്ങളിൽനിന്ന് വരുന്നവർക്കും മാർക്കറ്റ് വഴി ഹൈവേ മുറിച്ചുകടക്കുന്നവർക്കും ഹൈവേയിൽ നിലവിലുള്ളതുപോലെപോലെ ഗതാഗതം അനുവദിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കൗൺസിലർ കോട്ടപ്പുറം ഹൈവേ പ്രോജക്ട് ഡയറക്ടർക്ക് നിവേദനം നൽകി.