നായ്ക്കയംതട്ട്-പള്ളത്ത്മല റോഡ് പ്രവൃത്തി നീളുന്നു
text_fieldsനീലേശ്വരം: കോടോം-ബേളൂർ പഞ്ചായത്തിലെ നായ്ക്കയംതട്ട്- പള്ളത്ത്മല എൻ.ആർ.ജി റോഡ് കോൺക്രീറ്റ് പ്രവൃത്തി അനിശ്ചിതത്വത്തിൽ. റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനായി തൊഴിലുറപ്പ് പദ്ധതിപ്രകാരം ടെൻഡർ നടപടികൾ കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് പൂർത്തീകരിച്ചിരുന്നു.
അതേസമയം, 2022ൽ ടെൻഡർ വിളിച്ചതല്ലാതെ പ്രവൃത്തി നടത്തുന്നതിന് എൻ.ആർ.ജി.എ.ഇ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. പിന്നീട് ഗതാഗത പ്രശ്നം രൂക്ഷമായപ്പോൾ 2023 നവംബർ 14ന് റോഡ് നാട്ടുകാർ സ്വന്തംനിലയിൽ കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി.
എന്നാൽ, മാർച്ച് 19ന് ഇതിനുവേണ്ടി മസ്റ്റോൾ അനുവദിച്ചതായി എ.ഇ ബിജു അറിയിച്ചു. കോൺക്രീറ്റ് ചെയ്യേണ്ട റോഡ് സന്ദർശിച്ച് മസ്റ്റോൾ റദ്ദുചെയ്ത് എ.ഇക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നാണ് ഇപ്പോൾ നാട്ടുകാരുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് പരപ്പ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നാട്ടുകാർ പരാതി നൽകി.