തീരമേഖലയിലെ ഉപ്പുവെള്ള പ്രശ്നം പരിഹരിക്കണം; പ്രമേയം പാസാക്കി നീലേശ്വരം നഗരസഭ
text_fieldsനീലേശ്വരം നഗരസഭ
നീലേശ്വരം: നീലേശ്വരം നഗരസഭയിലെ 31, 32 വാർഡുകളിലെ നീലേശ്വരം പുഴയുടെ വലത് ഓരത്ത് നളന്ദ റിസോർട്ട് മുതൽ കൊട്രച്ചാൽ തോടുവരെയുള്ള തീരദേശമേഖലയിലെ ഉപ്പുവെള്ള പ്രശ്നത്തിൽ നഗരസഭ പ്രമേയം പാസാക്കി. ഒന്നര കിലോമീറ്റർ സ്ഥലങ്ങൾ താഴ്ന്ന പ്രദേശമായതിനാൽ കിണറുകളിലേക്കും കുടിവെള്ള സ്രോതസ്സുകളിലേക്കും ഉപ്പുവെള്ളം കയറുന്നത് കുടിവെള്ളത്തെയും കൃഷിയെയും ബാധിക്കുന്നതിനാൽ മഴക്കാലത്ത് വെള്ളം കയറി വീടൊഴിയേണ്ട സാഹചര്യമുണ്ടാക്കുന്നതിനാലും ഈ പ്രദേശത്ത് ഭിത്തികെട്ടി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പി.വി. സതീശനാണ് കൗൺസിൽ മുമ്പാകെ പ്രമേയമവതരിപ്പിച്ചത്. ഷമീന മുഹമ്മദ് പ്രമേയത്തെ പിന്താങ്ങി.
അതേസമയം, കരുവാച്ചേരി, കൊയാമ്പുറം, തോട്ടുമ്പുറം, ഓർച്ച, ബോട്ടുജെട്ടി, കടിഞ്ഞിമൂല പ്രദേശങ്ങളിലും രൂക്ഷമായ ഉപ്പുവെള്ളം കയറുന്നത് പതിവായിട്ടുപോലും പ്രമേയത്തിൽ ഈ പ്രദേശങ്ങളെ ഉൾപ്പെടുത്താത്തത് പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് ഇ. ഷജീർ പറഞ്ഞു. നീലേശ്വരം പുഴയുടെയും തേജസ്വിനി പുഴയുടെയും കരകളിൽ സമാന പ്രശ്നം നേരിടുന്നതായും വലിയ സാമ്പത്തിക പദ്ധതിയായാൽ ലഭിക്കാൻ പ്രയാസമായതിനാലാണ് ചെറിയ ഭാഗങ്ങളായി പരിഗണിച്ചതെന്നും ഈ പ്രദേശങ്ങൾ കൂടി പ്രമേയത്തിൽ ഉൾപ്പെടുത്താമെന്നും ചെയർമാൻ പി.പി. മുഹമ്മദ് റാഫി അറിയിച്ചു.
2025-26 സാമ്പത്തികവർഷത്തെ പദ്ധതി ഭേദഗതി ചെയ്ത് അംഗീകരിച്ചു. നഗരസഭ കാര്യാലയത്തിൽ ഹെൽപ് ഡെസ്ക് സ്ഥാപിക്കാനും തെരുവുവിളക്കിനും ബസ് സ്റ്റാൻഡ് കെട്ടിടത്തിലേക്ക് ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനടക്കമുള്ള പദ്ധതികൾക്കായും തുക വകയിരുത്തി.
തെരുവുനായ് ശല്യം ഒഴിവാക്കുന്നതിനുള്ള എ.ബി.സി പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയും നടന്നു. പൊളിച്ചുമാറ്റിയ കെട്ടിടങ്ങൾക്കും നികുതി അടക്കേണ്ടിവരുന്ന വിഷയം കൗൺസിലർമാർ ചൂണ്ടിക്കാട്ടി. പി.എം. സന്ധ്യ, ഇ. ചന്ദ്രമതി, ഇ.കെ. ചന്ദ്രൻ, ഷമീന മുഹമ്മദ്, കെ. സതീശൻ, എ.വി. സുരേന്ദ്രൻ, പി.യു. രാമകൃഷ്ണൻ നായർ, പി.വി. സുരേഷ് ബാബു, വി.വി. പ്രകാശൻ, പി. അഖിലേഷ്, ടി.പി. ബീന, കെ. പ്രകാശൻ, സി. സുഭാഷ്, വി.കെ. റഷീദ, പി.കെ. ഷിജിത എന്നിവർ സംസാരിച്ചു.


