അധികൃതർ തിരിഞ്ഞുനോക്കുന്നില്ല; സർക്കാർ അതിഥിമന്ദിരം അനാഥം
text_fieldsകാർഷിക സർവകലാശാലയുടെ കീഴിലുള്ള നീലേശ്വരം കരുവാച്ചേരിയിലെ അതിഥിമന്ദിരം
നീലേശ്വരം: നീലേശ്വരത്തെ സംസ്ഥാനസർക്കാർ അതിഥിമന്ദിരം തകർച്ചയുടെ വക്കിലെത്തി. കാലപ്പഴക്കംമൂലം നിലംപൊത്താൻ പാകത്തിലാണ് കെട്ടിടത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. കേരള കാർഷിക സർവകലാശാലയുടെ പടന്നക്കാട് കാർഷിക കോളജിന് കീഴിലുള്ള കരുവാച്ചേരി ഫാമിനകത്തെ അതിഥിമന്ദിരമാണ് അനാഥമായത്.
77 വർഷത്തെ കാലപ്പഴക്കമുള്ള ഈ അതിഥിമന്ദിരത്തിൽ അതിഥികളാരും ഇപ്പോൾ വിശ്രമിക്കാനെത്താറില്ല. ഓടുമേഞ്ഞ കെട്ടിടം കാലപ്പഴക്കംമൂലം തകർച്ചയുടെ വക്കിലെത്തിയിട്ടും ഒരു അറ്റകുറ്റപ്പണിയും ഇതുവരെ നടത്തിയിട്ടില്ല.
രണ്ടു മുറിയും ഒരു ചെറിയ ഹാളുമാണ് കെട്ടിടത്തിലുള്ളത്. അതിഥിമന്ദിരത്തിലെ വാതിലുകളും ജനലുകളും മേൽക്കൂരയിലെ കഴുക്കോലും ദ്രവിച്ചുതുടങ്ങിയിട്ടുണ്ട്. അതിഥിമന്ദിരം കാത്തുസൂക്ഷിക്കാൻ ഒരു ജീവനക്കാരനെയും കാർഷിക സർവകലാശാല അധികൃതർ നിയമിച്ചിട്ടുമില്ല.
ഇവിടെ വിശ്രമിക്കാനുള്ള മുറികൾ മാറാല പിടിച്ചുകിടക്കുന്നുണ്ട്. ഇത് കൂടാതെ വിശ്രമിക്കാനുള്ള കട്ടിലുകളും കസേരകളും ഉപയോഗശൂന്യമാണ്. റോഡരികിൽ സ്ഥാപിച്ച ബോർഡ് ദേശീയപാത വികസനത്തിന്റെ ഭാഗമായി എടുത്തുകളയുകയും ചെയ്തു.
ജില്ലയിലെത്തുന്ന മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും മറ്റ് വി.ഐ.പികളൊന്നും ഇവിടെ വിശ്രമിക്കാൻ എത്താറില്ലെന്നും എല്ലാവരും സ്റ്റാർ പദവിയിലുള്ള റിസോർട്ടിൽ മാത്രമാണ് വിശ്രമിക്കുന്നതെന്നും ജനങ്ങൾ ആരോപിക്കുന്നുണ്ട്.
സംസ്ഥാനത്ത് മുഖ്യമന്ത്രിമാരായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാട്, ഇ.കെ. നായനാർ, കെ. കരുണാകരൻ എന്നിവർ അവരുടെ ഭരണകാലത്ത് കരുവാച്ചേരിയിലെ അതിഥിമന്ദിരത്തിൽ വിശ്രമിച്ചിരുന്നു. ഇ.എം.എസ് നട്ട തെങ്ങിൻതൈ വളർന്ന് അദ്ദേഹത്തിന്റെ ഓർമക്കായി ഇന്നും ഈ അതിഥിമന്ദിരത്തിന്റെ മുന്നിൽ തലയെടുപ്പോടെ നിൽക്കുന്നുണ്ട്.
വർഷങ്ങളായി കാർഷിക സർവകലാശാല അധികൃതർ ഈ അതിഥിമന്ദിരത്തെ തിരിഞ്ഞുനോക്കാറില്ല. അതിഥിമന്ദിരം പൊളിച്ചുമാറ്റി പുതിയത് നിർമിക്കുകയോ അല്ലെങ്കിൽ, പഴമ ചോരാതെ നിലനിർത്താൻ നവീകരിക്കുകയോ ചെയ്യേണ്ട കാലം അതിക്രമിച്ചു.