പരിമിതികളിൽ വീർപ്പുമുട്ടി നീലേശ്വരം റെയിൽവേ സ്റ്റേഷൻ
text_fieldsറെയിൽവേ സ്റ്റേഷൻ പരിസരത്ത് സ്ലീപ്പർ അട്ടിവെച്ചതിൽ കാടുമൂടിക്കിടക്കുന്നു
നീലേശ്വരം: ജില്ലയിൽ വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും മുന്നിൽനിൽക്കുന്ന നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിമിതികളാൽ വീർപ്പുമുട്ടുന്നു. നിരവധി ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിച്ചതോടെ വരുമാനത്തിൽ സ്റ്റേഷൻ മുൻപന്തിയിലെത്തിയെങ്കിലും ആനുപാതികമായ വികസനങ്ങൾ നടന്നിട്ടില്ല.
യാത്രാവണ്ടികൾ ഉപയോഗിക്കാത്ത മൂന്നാം നമ്പർ പ്ലാറ്റ് ഫോം യാത്രക്കാർക്ക് അനുയോജ്യമാകുന്നരീതിയിൽ നവീകരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
ഒന്ന്, രണ്ട് നമ്പർ പ്ലാറ്റ് ഫോമുകളിൽ ശൗചാലയം ഉണ്ടെങ്കിലും ഉപയോഗ്യശൂന്യമാണ്. മദ്രാസ് മെയിൽ, അന്ത്യോന്തയ എക്സ്പ്രസ്, എറണാകുളം- ഓഘ എക്സ്പ്രസ്, പൂർണ എക്സ്പ്രസ്, വരാവൽ -തിരുവനന്തപുരം എക്സ്പ്രസ് തുടങ്ങിയ വണ്ടികൾക്ക് നീലേശ്വരത്ത് സ്റ്റോപ് അനുവദിക്കേണ്ടതുണ്ട്. ശുചീകരണ സംവിധാനങ്ങളില്ലെങ്കിലും യാത്രക്കാരെ സ്വാഗതംചെയ്യുന്നത് യാത്ര സ്റ്റേഷനും പരിസരവും ശുചിത്വമുള്ളതും മാലിന്യമുക്തമാക്കാൻ സഹകരിക്കണമെന്ന അഭ്യർഥനയുള്ള അറിയിപ്പുമായാണ്.
നീലേശ്വരം നഗരസഭ, ചെറുവത്തൂർ, മടിക്കൈ, കോടോം ബേളൂർ, കിനാനൂർ കരിന്തളം, ബളാൽ, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കയ്യൂർ ചീമേനി തുടങ്ങിയ പഞ്ചായത്തുകളിലുള്ളവർ പൂർണമായും കാഞ്ഞങ്ങാട് നഗരസഭയിലെ ജനങ്ങൾ ഭാഗികമായും നീലേശ്വരം റെയിൽവേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. ടൂറിസം കേന്ദ്രങ്ങളായ കോട്ടഞ്ചേരി, കോട്ടപ്പുറം, അഴിത്തല തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് നീലേശ്വരം സ്റ്റേഷനിൽനിന്ന് എളുപ്പത്തിൽ എത്തിച്ചേരാനാകും.
നീലേശ്വരത്ത് റെയിൽവേക്ക് സ്വന്തമായി 30 ഏക്കർ ഭൂമിയുണ്ടെങ്കിലും മുക്കാൽഭാഗവും കാടുപിടിച്ചുകിടക്കുകയാണ്. ഈ ദുർഗതി എന്നു മാറുമെന്നാണ് യാത്രക്കാരുടെ ചോദ്യം.