തകരുന്നതിനുമുന്നേ പൊളിച്ചുനീക്കുമോ?; ദുരവസ്ഥയിൽ ബസ് കാത്തിരിപ്പുകേന്ദ്രം
text_fieldsനീലേശ്വരം താലൂക്കാശുപത്രിക്ക് മുന്നിൽ ബസ് കാത്തിരിപ്പുകേന്ദ്രം
നീലേശ്വരം: തകർന്നുവീഴുന്നതുവരെ കാത്തിരിക്കരുത്. അതുകൊണ്ട് പൊളിച്ചുമാറ്റി പുതിയത് സ്ഥാപിച്ചാൽ അപകടം ഒഴിവാക്കാൻ പറ്റും. നീലേശ്വരം നഗരസഭ താലൂക്കാശുപത്രിക്ക് മുന്നിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ ദുരവസ്ഥയാണിത്.
കാലപ്പഴക്കംമൂലം ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയാണിപ്പോൾ. മലയോര മേഖലയിലേക്ക് പോകുന്നവർ ബസിന് കാത്തിരിക്കുന്ന പ്രധാന ഷെൽട്ടറാണിത്. താലൂക്കാശുപത്രിയിലെ ചികിത്സ കഴിഞ്ഞ് പോകുന്ന കുട്ടികൾ മുതൽ പ്രായമായവർവരെ കിഴക്കൻ ഭാഗത്തേക്ക് ഈ ഷെൽട്ടറിലാണ് ബസ് കാത്തുനിൽക്കുന്നത്. മഴ പെയ്യുമ്പോൾ ചോർന്നൊലിക്കുന്ന സ്ഥിതിയാണ്. കോൺക്രീറ്റ് ബസ് ഷെൽട്ടറിലെ മുകൾ ഭാഗത്തെ ഇരുമ്പുകമ്പികൾ ദ്രവിച്ചനിലയിലാണ്.
ഇതിന് സമീപം തട്ടുകട നടത്തുന്ന കുടുംബവും ഭീതിയോടെയാണ് കഴിയുന്നത്. ഷെൽട്ടറിന്റെ നിലവിലെ അവസ്ഥയറിയാതെ കുട്ടികൾ ഉൾപ്പെടെയുള്ളവർ ബസ് കാത്തുനിൽക്കുന്നുണ്ട്. 1980 കാലത്താണ് ഇത് നിർമിച്ചത്. പൊളിച്ചുനീക്കി പുതിയത് സ്ഥാപിക്കണമെന്നത് താലൂക്കാശുപത്രിയിൽ എത്തുന്നവരുടെയും നാട്ടുകാരുടെയും ആവശ്യമാണ്.