മാർക്കറ്റുമില്ല, ഷെഡുമില്ല; മത്സ്യവിൽപന തൊഴിലാളികൾ പെരുവഴിയിൽ
text_fieldsദേശീയപാതയിൽ നീലേശ്വരത്ത് മത്സ്യവിൽപന നടത്തുന്നവർ
നീലേശ്വരം: ദേശീയപാത നിർമാണത്തിൽ വലഞ്ഞ് മത്സ്യവിൽപന തൊഴിലാളികൾ. നിലവിൽ പാതയോരം ചേർന്നിരുന്ന് വിൽപന നടത്തേണ്ട സാഹചര്യമാണ്. ദേശീയപാത നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ തൊഴിലാളികൾക്ക് അവർ ജോലി ചെയ്തിരുന്ന മത്സ്യ മാർക്കറ്റുകളും ഷെഡുമെല്ലാം നഷ്ടമായി.
നിലവിലുണ്ടായിരുന്ന താൽക്കാലിക ഷെഡും ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇല്ലാതായി. 25ഓളം സ്ത്രീ തൊഴിലാളികളാണ് റോഡരികിൽ വിൽപന നടത്തുന്നത്. ദേശീയപാതയിൽകൂടി ചീറിപ്പായുന്ന വാഹനങ്ങൾ എപ്പോഴാണ് അപകടമുണ്ടാക്കുകയെന്ന് പറയാൻ കഴിയില്ല. നീലേശ്വരം നഗരസഭയായി ഉയർത്തിയിട്ട് 15 വർഷമാകുന്നു. എന്നിട്ടും സി.പി.എം നേതൃത്വം ഭരിക്കുന്ന നഗരസഭയിൽ ആധുനിക രീതിയിലുള്ള ഒരു മത്സ്യ മാർക്കറ്റ് സ്ഥാപിച്ചിട്ടില്ല. സ്ത്രീ വിൽപനക്കാർക്ക് തങ്ങളുടെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻപോലും സൗകര്യമില്ല. അതുകൊണ്ട് ഭക്ഷണവും വെള്ളവും മിതപ്പെടുത്തിയാണ് വിൽപനക്കായി അവർ നിരത്തിലെത്തുന്നത്.
എല്ലാ വർഷവും ആധുനിക മത്സ്യ മാർക്കറ്റ് നിർമിക്കാൻ മാർച്ചിലെ നഗരസഭ ബജറ്റിൽ ലക്ഷങ്ങളുടെ ഫണ്ട് നീക്കിവെക്കാറുണ്ടെങ്കിലും ഒന്നും നടപ്പിലാകുന്നില്ല. ജില്ലയിൽ ഒരു മത്സ്യ മാർക്കറ്റില്ലാത്ത ഏക നഗരസഭ നീലേശ്വരം മാത്രമാണ്.
കത്തുന്ന വേനലിലും നീലേശ്വരം ദേശീയപാതയോരം ചേർന്ന് മത്സ്യവിൽപന നടത്തുന്ന പരമ്പരാഗത സ്ത്രീ തൊഴിലാളികളുടെ സ്ഥിതി കാണാൻ നഗരസഭ ഭരിക്കുന്നവർക്ക് കഴിയാത്തത് ഏറെ സങ്കടകരവും പ്രതിഷേധാർഹവുമാണ്. ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റിയ നഗരസഭ കല്യാണമണ്ഡപം ഉണ്ടായിരുന്ന സ്ഥലം ഉപയോഗിച്ചാൽ ഇവർക്ക് താൽക്കാലിക ആശ്വാസമാകും. കുടുംബം പുലർത്താനിറങ്ങിയ ഈ സ്ത്രീത്തൊഴിലാളികൾക്ക് വെയിലും മഴയും കൊള്ളാതെ സുരക്ഷിതമായി മത്സ്യവിൽപന നടത്താൻ ഒരു താൽക്കാലിക ഷെഡ് നിർമിച്ച് നൽകാൻ നഗരസഭ മുൻകൈയെടുക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.