ഓണം സ്പെഷൽ ട്രെയിനുകൾക്ക് നീലേശ്വരത്ത് സ്റ്റോപ്പില്ല; എന്ത് കഷ്ടമെന്ന് യാത്രികർ
text_fieldsനീലേശ്വരം: ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് മംഗളൂരു ജങ്ഷൻ-തിരുവനന്തപുരം നോർത്ത് റൂട്ടിൽ ദ്വൈവാര സ്പെഷലും മംഗളൂരു ജങ്ഷൻ-കൊല്ലം റൂട്ടിൽ വീക്ലി എക്സ്പ്രസും അനുവദിച്ചപ്പോൾ മലബാറിലെ പ്രധാന സ്റ്റേഷനായ നീലേശ്വരത്തെ തഴഞ്ഞു. കഴിഞ്ഞ സാമ്പത്തികവർഷം വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും ചരിത്രം രേഖപ്പെടുത്തിയ നീലേശ്വരം സ്റ്റേഷനിൽ മാത്രമാണ് രണ്ട് ട്രെയിനുകൾക്കും സ്റ്റോപ് അനുവദിക്കാത്തത്.
മംഗളൂരു ജങ്ഷൻ-തിരുവനന്തപുരം ദ്വൈവാര സ്പെഷൽ സെപ്റ്റംബർ 21 മുതൽ 23വരെയുള്ള ദിവസങ്ങളിൽ സർവിസ് നടത്തുമ്പോൾ തിരുവനന്തപുരം നോർത്ത്-മംഗളൂരു ജങ്ഷൻ ദ്വൈവാര സ്പെഷൽ എക്സ്പ്രസ് സെപ്റ്റംബർ 22 മുതൽ സെപ്റ്റംബർ 14വരെയുള്ള ദിവസങ്ങളിൽ സർവിസ് നടത്തും.
മംഗളൂരു ജങ്ഷൻ കൊല്ലം വീക്ലി എക്സ്പ്രസ് സ്പെഷൽ ആഗസ്റ്റ് 25, സെപ്റ്റംബർ 01, 08 തീയതികളിൽ തിങ്കളാഴ്ചകളിൽ രാത്രി 11.15ന് മംഗളൂരു ജങ്ഷനിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 10.20ന് കൊല്ലത്ത് എത്തിച്ചേരും. കൊല്ലം-മംഗളൂരു ജങ്ഷൻ വീക്കിലി എക്സ്പ്രസ് സ്പെഷൽ ആഗസ്റ്റ് 26, സെപ്റ്റംബർ 02, 09 തീയതികളിൽ വൈകീട്ട് 5.10ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 05.30ന് മംഗളൂരു ജങ്ഷനിൽ എത്തിച്ചേരും.
ഇങ്ങനെ മൂന്ന് സർവിസുകൾ ഓണാവധിക്ക് നടത്തുമ്പോൾ നീലേശ്വരത്ത് ഒരു സ്റ്റോപ് അനുവദിച്ചില്ല. കാഞ്ഞങ്ങാട് നഗരസഭയിലെ ജനങ്ങൾ ഭാഗികമായും നീലേശ്വരം നഗരസഭയിലെ ജനങ്ങൾ പൂർണമായും ആശ്രയിക്കുന്നത് നീലേശ്വരം റെയിൽവേ സ്റ്റേഷനെയാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ പഞ്ചായത്തുകളിലെ ജനങ്ങൾ ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷനോടാണ് ഈ അവഗണനയെന്നാണ് ആക്ഷേപം. ചെറുവത്തുർ, വലിയപറമ്പ, കയ്യൂർ- ചീമേനി, കിനാനൂർ- കരിന്തളം, മടിക്കൈ, കോടോം-ബേളൂർ, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, ബളാൽ തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങളുടെ ഏക ആശ്രയമാണ് നീലേശ്വരം സ്റ്റേഷൻ. മലയോരഭാഗത്തുള്ള നൂറുകണക്കിന് ആളുകൾ തെക്കൻ ജില്ലകളിൽ ജോലിചെയ്യുന്നുണ്ട്.