പാലായി റെഗുലേറ്റർ കം ബ്രിഡ്ജ്; പദ്ധതി ലക്ഷ്യം കണ്ടില്ല
text_fieldsപാലായി റെഗുലേറ്റർ കം ബിഡ്ജ്
നീലേശ്വരം: നബാർഡിന്റെ സഹായത്തോടെ ജലസേചനവകുപ്പ് 65 കോടി രൂപ ചെലവഴിച്ച് നിർമിച്ച നീലേശ്വരം നഗരസഭയിലെ പാലായി റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതി ലക്ഷ്യം കാണാതെ പാളി. നീലേശ്വരം നഗരസഭ, കയ്യൂർ-ചീമേനി, കിനാനൂർ-കരിന്തളം എന്നീ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനും കാർഷികാഭിവൃദ്ധി മെച്ചപ്പെടുത്താനും വിഭാവനം ചെയ്താണ് പാലായി റെഗുലേറ്റർ കം ബ്രിഡ്ജ് നിർമിച്ചത്. 2021 ഡിസംബർ 26ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി നാടിന് സമർപ്പിച്ചത്.
കുടിവെള്ളക്ഷാമം പരിഹരിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. തേജസ്വിനി പുഴയിൽ വേലിയേറ്റസമയത്ത് പാലായി മുതൽ മുകളിലോട്ട് 18 കിലോമീറ്റർ വരെ ഉപ്പുവെള്ളം കലർന്ന കൃഷിക്കും വീട്ടാവശ്യങ്ങൾക്കും കുടിവെള്ളം വിതരണം ചെയ്യുക എന്ന ലക്ഷ്യവും കണ്ടില്ല. 4500ലധികം ഹെക്ടർ കൃഷിഭൂമി നശിക്കുകയും കുടുംബങ്ങളുടെ കുടിവെള്ളം ഇല്ലാതാവുകയും ചെയ്തപ്പോൾ നീലേശ്വരം നഗരസഭ-കയ്യൂർ ചീമേനി എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന തേജസ്വിനി പുഴക്ക് കുറുകെയാണ് അണക്കെട്ട് നിർമിച്ചത്. 300 മീറ്റർ നീളവും എട്ട് മീറ്റർ വീതിയും ഏഴ് ഷട്ടറുമാണുള്ളത്. എന്നാൽ, നല്ലൊരു പാലം കിട്ടിയെന്നതല്ലാതെ പദ്ധതി ലക്ഷ്യത്തിലെത്താതെ ഇപ്പോഴും ഉപ്പുവെള്ളം കയറുകയാണ്.
വേനൽ കനക്കുന്നതോടെ നഗരസഭയിലെ ചാത്തമത്ത്, പൊടോത്തുരുത്തി, കാര്യങ്കോട് തോട്ടുമ്പുറം, മുണ്ടേമ്മാട്, ചെമ്മാക്കര, പുറത്തേക്കൈ, കടിഞ്ഞിമൂല, കോയാമ്പുറം, ഓർച്ച, അഴിത്തല തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം നേരിടും. അതുപോലെ കിനാനൂർ-കരിന്തളം പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാകും.
നവംബർ തൊട്ട് എല്ലായിടത്തും ഉപ്പുവെള്ളം കയറാൻതുടങ്ങി. മഴക്കാലംവരെ ഈ പ്രശ്നം തുടരും. കിണറുകളിലും മറ്റ് ശുദ്ധജലസ്രോതസ്സുകളിലും ഉപ്പുവെള്ളം കലരുന്നതിനാൽ ജനങ്ങൾ ദുരിതത്തിലാണ്.
വേനൽക്കാലമായതോടെ നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ ഉപ്പുവെള്ളപ്രശ്നം പതിവായി. കരുവാച്ചേരി, പുറത്തേക്കൈ, കടിഞ്ഞിമൂല തുടങ്ങിയ സ്ഥലങ്ങളിൽ ഉപ്പുവെള്ളപ്രശ്നം രൂക്ഷമാണ്. വേലിയേറ്റ സമയമാകുമ്പോൾ വലിയതോതിൽ വെള്ളം ഈ പ്രദേശങ്ങളിലേക്ക് ഇരച്ചുകയറുകയും ചെയ്യും.


