ക്ഷേമ പെൻഷൻ സി.പി.എം ഓഫിസിൽ വന്ന് വാങ്ങണമെന്ന് പഞ്ചായത്ത് അംഗം; ശബ്ദ സന്ദേശം പുറത്ത്
text_fieldsനീലേശ്വരം: വീട്ടിൽ ചെന്ന് നൽകേണ്ട സാമൂഹിക ക്ഷേമ പെൻഷൻ പാർട്ടി ഓഫിസിൽ വന്ന് വാങ്ങണമെന്ന പഞ്ചായത്ത് മെംബറുടെ ശബ്ദ സന്ദേശം പുറത്ത്. കിനാനൂർ കരിന്തളം പഞ്ചായത്തിലെ പതിനേഴാം വാർഡ് മെംബർ എൻ.ടി. ശ്യാമള വാർഡ് കൂട്ടായ്മ വാട്സ്ആപ് ഗ്രൂപ്പിലേക്കാണ് ശബ്ദ സന്ദേശമയച്ചത്.
ഇതിനെ ചോദ്യം ചെയ്ത വാർഡ് കോൺഗ്രസ് പ്രസിഡന്റ് നാരായണൻ കക്കോലിനെ ഗ്രൂപ്പിൽനിന്ന് പുറത്താക്കുകയും ചെയ്തു. സി.പി.എം ഭരിക്കുന്ന കരിന്തളം സർവിസ് സഹകരണ ബാങ്ക് മുഖേനയാണ് ഈ വാർഡിലെ പെൻഷൻ വിതരണം ചെയ്യുന്നത്. സി.പി.എം കീഴ്മാല ബ്രാഞ്ച് കമ്മിറ്റി ഓഫിസ് പ്രവർത്തിക്കുന്ന നാരായണ സ്മാരക മന്ദിരത്തിലെത്തി പണം വാങ്ങണമെന്നാണ് മെംബറുടെ നിർദേശം.
ഓരോ വീടുകളിലുമെത്തി പെൻഷൻ വിതരണം ചെയ്താൽ ഒരു പെൻഷന് 40 രൂപ പ്രതിഫലം ലഭിക്കുമെന്നിരിക്കെയാണ് പാർട്ടി ഓഫിസിലെത്തി പെൻഷൻ വാങ്ങണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
തുക വീട്ടിൽ ചെന്ന് നൽകണമെന്നാണ് നിയമമെങ്കിലും പാർട്ടി ഓഫിസിൽ വെച്ച് വിതരണം ചെയ്ത് രാഷ്ട്രീയ ലാഭം ഉണ്ടാക്കാനാണ് സി.പി.എമ്മിന്റെയും വാർഡ് മെംബറുടെയും ശ്രമമെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കിനാനൂർ- കരിന്തളം മണ്ഡലം കോൺഗ്രസ് നേതൃത്വം പറഞ്ഞു.


