ഭൂമി ലഭിച്ചിട്ട് 15 വർഷം; പരപ്പ ബസ് സ്റ്റാൻഡ് എന്നുവരും?
text_fieldsപരപ്പ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് നിർമിക്കാനുള്ള സ്ഥലം കാടുമൂടിക്കിടക്കുന്നു
നീലേശ്വരം: ഏറെ കൊട്ടിഘോഷിച്ച് പഞ്ചായത്തധികൃതർ ശിലാസ്ഥാപനം നടത്തിയ ബസ് സ്റ്റാൻഡ് കെട്ടിടം എന്ന് നിർമാണം തുടങ്ങുമെന്ന ചോദ്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയോരത്തെ ഏറ്റവും വലിയ വാണിജ്യനഗരമായ പരപ്പയിൽ ഒരു ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് നിർമിക്കുമെന്ന് പറഞ്ഞ പഞ്ചായത്തധികൃതരുടെ വാക്ക് വെള്ളത്തിൽ വരച്ച വരപോലെയായി. ഈ സ്ഥലം ഇപ്പോൾ കാടുമൂടിക്കിടക്കുകയാണ് ഇപ്പോൾ. അതുകൊണ്ട് നാട്ടുകാർക്ക് പശുക്കളെ മേക്കാനുള്ള ഒരിടമായി മാറി ഇവിടം.
കിനാനൂർ കരിന്തളം പഞ്ചായത്തിലെ പരപ്പയിൽ ബസ് സ്റ്റാൻഡ് കെട്ടിടം നിർമിക്കാൻ ഇ. ചന്ദ്രശേഖരൻ എം.എൽ.എയെകൊണ്ട് തറക്കല്ലിട്ടിട്ട് വർഷങ്ങൾ കഴിഞ്ഞു. പിന്നീടിങ്ങോട്ട് പഞ്ചായത്തധികൃതർ തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ പറയുന്നു. രണ്ട് സ്വകാര്യവ്യക്തികൾ ബസ് സ്റ്റാൻഡ് കെട്ടിടം നിർമിക്കാൻ സൗജന്യമായി ഭൂമി നൽകിയിരുന്നു. എന്നാൽ, സ്ഥലം ലഭിച്ചിട്ട് 15 വർഷം കഴിഞ്ഞിട്ടും നാളിതുവരെ നിർമാണം ആരംഭിക്കാൻപോലും പഞ്ചായത്ത് ഭരണസമിതി തയാറായില്ല.
കോട്ടയം, കണ്ണൂർ, കാസർകോട് ഭാഗങ്ങളിലേക്ക് നിരവധി ബസുകൾ ഇവിടെനിന്ന് സർവിസ് നടത്തുന്നുണ്ട്. ഇതിന് പുറമെ നീലേശ്വരം, കാഞ്ഞങ്ങാട്, പയ്യന്നൂർ ഭാഗത്തേക്കും നിരവധി സ്വകാര്യ ബസുകൾ സഞ്ചരിക്കുന്നുണ്ട്. എന്നാൽ, ഈ മുഴുവൻ ബസുകളും പരപ്പ ടൗണിന് സമീപം റോഡിൽ നിർത്തിയാണ് ആളുകളെ കയറ്റുന്നതും ഇറക്കുന്നതും. ഇത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നു. ബസ് സ്റ്റാൻഡിന് വിട്ടുകൊടുത്ത സ്ഥലത്ത് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പഞ്ചായത്തധികൃതർ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശൗചാലയം നിർമിക്കാനൊരുങ്ങുകയാണ്.