യാത്രക്കാർക്ക് ഭീഷണിയായി കോൺവെന്റ് ജങ്ഷനിൽ ചെങ്കല്ല്
text_fieldsകോൺവന്റ് ജങ്ഷന്
സമീപത്തെ ചെങ്കല്ല്
നീലേശ്വരം: നീലേശ്വരം-ഇടത്തോട് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത സ്ഥലത്തുള്ള ചെങ്കല്ല് വഴിമുടക്കിയാവുന്നു. മതിൽ നിർമിക്കാൻ ചെങ്കല്ല് ഇറക്കിവെച്ചിട്ട് നാളുകളായെങ്കിലും പണി പൂർത്തിയാക്കിയിട്ടും ചെങ്കല്ല് നീക്കാൻ ബന്ധപ്പെട്ടവർ തയാറായില്ല. ഇത് അപകട സാധ്യതക്ക് കാരണമാകുന്നു. തിരക്കുപിടിച്ച കവലക്കടുത്ത് പഴയ മതിൽ നിലനിന്നതിനും പുറത്താണ് ചെങ്കല്ല് ഇറക്കിവെച്ചത്.
കാൽനടയാത്രക്കാരും ഇരുചക്ര വാഹനയാത്രക്കാരും ഇതുകാരണം ബുദ്ധിമുട്ടുകയാണ്. ഇടുങ്ങിയ റോഡിൽ ബസിലും ഓട്ടോയിലും വന്നിറങ്ങി കാൽനടയാത്ര ചെയ്യാൻപോലും പ്രയാസകരമായ തരത്തിൽ കല്ല് തടസ്സമായി മാറുകയാണ്. വലിയ പ്രതിഷേധമാണ് ഇതുവഴി നടന്നുപോകുന്നവർക്കുള്ളത്. ചെങ്കല്ല് മാറ്റി കാൽനടയാത്ര സുഗമമാക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.


