റോഡ് നവീകരണം; ദുരിതംപേറി തെരു നിവാസികൾ
text_fieldsതെരു റോഡിൽ കരിങ്കൽചീളുകൾ നിരത്തിയ നിലയിൽ
നീലേശ്വരം: ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നീലേശ്വരം തെരുറോഡിൽ മാസങ്ങളായുള്ള റോഡ് പണിമൂലം ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്. ഓവുചാൽ നിർമാണംമൂലം ആഴ്ചകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. പിന്നീട് നിലവിലുള്ള റോഡ് കിളച്ച് വീണ്ടും അമർക്കുന്നതിനുവേണ്ടി രണ്ടുദിവസം ഗതാഗതം തടസ്സപ്പെട്ടു.
ഇതിനുശേഷം ടാറിങ്ങിനായി റോഡ് മുഴുവൻ കരിങ്കൽ പാകിവെച്ചു. എന്നാൽ, മൂന്നുദിവസം കഴിഞ്ഞിട്ടും ടാറിങ് പ്രവൃത്തിമാത്രം ആരംഭിച്ചില്ല. നഗരഹൃദയത്തിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമായിട്ടും ടാറിങ് തുടങ്ങാൻ ബന്ധപ്പെട്ടവർക്ക് ഉദ്ദേശമില്ലെന്നാണ് ആക്ഷേപം. മൂന്ന് ദേശസാത്കൃത ബാങ്ക്, ഓഡിറ്റോറിയം, ബ്ലോക്ക് ഹൗസിങ് സൊസൈറ്റി ഓഫിസ്, സ്വകാര്യ സൊസൈറ്റി, വ്യാപാര സ്ഥാപനങ്ങൾ, തളിയിൽ ക്ഷേത്രം, ജേസീസ് സ്കൂൾ, വില്ലേജ് ഓഫിസ്, ഹോമിയോ ആശുപത്രി, ജി.എൽ.പി സ്കൂൾ തുടങ്ങിയവ പ്രവർത്തിക്കുന്ന റോഡായിട്ടും ടാറിങ് വേഗത്തിലാക്കാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ല.
വാഹനങ്ങൾക്കിപ്പോൾ കരിങ്കൽ ചീളുകൾക്ക് മുകളിലൂടെയാണ് പോകുന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമായിട്ടും പണി വേഗത്തിൽ പൂർത്തിയാക്കണമെന്നകാര്യം ബന്ധപ്പെട്ടവർ ആലോചിക്കാത്ത സ്ഥിതിയാണ്. എം. രാജഗോപാലൻ എം.എൽ.എയുടെ ശ്രമഫലമായി സംസ്ഥാന സർക്കാർ അഞ്ചു കോടി രൂപയാണ് നഗരറോഡുകൾ ആധുനികവത്കരിക്കുന്നതിന് അനുവദിച്ചത്. ഇതിന്റെ ഭാഗമായി തെരുറോഡ്, തളിയിൽ റോഡ്, വില്ലേജ് ഓഫിസ് റോഡ് മുഴുവൻ പ്രവൃത്തി നടക്കുകയാണ്.
ഇതിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമായ തെരുവത്തെ റോഡ് പ്രവൃത്തി മെല്ലപ്പോക്ക് കാരണം ആളുകൾ ദുരിതമനുഭവിക്കുന്നു. ദേശീയപാതയിൽ അവസാനിക്കുന്ന പ്രധാന റോഡാണിത്. മാത്രമല്ല, ശക്തമായ മഴയിൽ റോഡിലെ ചളിവെള്ളം വീടുകൾക്ക് മുന്നിൽ കെട്ടിക്കിടക്കുന്നതായും പരാതിയുണ്ട്.