ക്ഷേത്രക്കുളത്തിൽ മുങ്ങിത്താഴ്ന്ന വിദ്യാർഥിക്ക് ഏഴാം ക്ലാസുകാരൻ രക്ഷകനായി
text_fieldsസാരാനാഥ്
നീലേശ്വരം: മന്ദംപുറത്ത് കാവ് ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടയിൽ മുങ്ങിത്താഴ്ന്ന ആറാം ക്ലാസുകാരന് രക്ഷകനായത് ഏഴാം ക്ലാസുകാരൻ. ശനിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്.
മുങ്ങിത്താഴുകയായിരുന്ന നീലേശ്വരം ചിന്മയ വിദ്യാലയത്തിലെ ആറാം ക്ലാസുകാരൻ ആദിത്യനെ അതുവഴി നടന്നുവരുകയായിരുന്ന നീലേശ്വരം രാജാസ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി സാരാനാഥ് രക്ഷപ്പെടുത്തുകയായിരുന്നു.
ആദിത്യനോടൊപ്പം കുളിക്കുകയായിരുന്ന സുഹൃത്തുക്കൾ രക്ഷപ്പെടുത്താൻ നാട്ടുകാരെ വിളിക്കാൻപോയ സമയത്താണ് സാരാനാഥ് അതുവഴി വന്നത്. ഉടൻ കുളത്തിൽ എടുത്തുചാടി ആദിത്യനെ കൈകളിലേന്തി സുരക്ഷിതമായി കരക്കെത്തിച്ചു. ഉടൻ നാട്ടുകാർ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. രണ്ടാം ജന്മം കിട്ടിയ സന്തോഷത്തിലാണ് ആദിത്യൻ.
വെള്ളത്തിനടിയിൽനിന്ന് ജീവന്റെ തുടിപ്പുമായിവന്ന സാരാനാഥ് നാടിന് അഭിമാനമായി. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ മാരാർ സമാജത്തിന് സമീപം താമസിക്കുന്ന റിട്ട. സൈനികൻ വി. സത്യന്റെയും ശരണ്യയുടെയും മകനാണ് രക്ഷകനായ സാരാനാഥ്.