കൂർത്ത കമ്പികൾ മുറിച്ചു മാറ്റി; കുഞ്ഞുങ്ങൾക്കിനി പരിക്കേൽക്കാതെ നടക്കാം
text_fieldsനീലേശ്വരം പൊലീസ് സ്റ്റേഷന് മുന്നിലെ സ്ലാബിന് മുകളിലെ കമ്പികൾ മുറിച്ചുമാറ്റുന്നു
നീലേശ്വരം: കുട്ടികൾക്ക് പരിക്കേൽക്കുംവിധം അപകടകരമായ കമ്പികൾ മുറിച്ചു മാറ്റി. നീലേശ്വരം പൊലീസ് സ്റ്റേഷന് മുന്നിൽ സർവിസ് റോഡരികിൽ നിർമാണം കഴിഞ്ഞ സ്ലാബിന് മുകളിലാണ് മുറിച്ചുമാറ്റാതെ അപകടകരമായ രീതിയിൽ കൂർത്ത കമ്പികളുണ്ടായിരുന്നത്. ഇതുവഴി പോകുമ്പോൾ സ്കൂൾ കുട്ടികൾക്കും സമീപത്തെ അംഗൻവാടികൂട്ടികൾക്കും കമ്പികൊണ്ട് കാലിന് പരിക്കേറ്റിരുന്നു.
പരിക്കേൽക്കുന്ന സംഭവം രക്ഷിതാക്കൾ കരാറുകാരനോട് പരാതി പറഞ്ഞെങ്കിലും കൂർത്ത കമ്പികൾ മുറിച്ചുമാറ്റാൻ തയാറായില്ല. തുടർന്ന് 'മാധ്യമം' ആഗസ്ത് 12ന് ‘തുളഞ്ഞു കയറാൻ സ്ലാബിലെ കമ്പികൾ തയ്യാർ; അംഗൻവാടി കുരുന്നുകൾക്കും പരിക്കേറ്റു: നടപടിയില്ല' എന്ന തലക്കെട്ടിൽ വാർത്ത നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട വാർഡ് കൗൺസിലർ ഇ. ഷജീർ അപകടം വരുത്തുന്ന കമ്പികൾ മുറിച്ചു മാറ്റാൻ കരാറുകാരനോട് ആവശ്യപ്പെട്ടു. തുടർന്ന് ശനിയാഴ്ച രാവിലെ കരാറുകാരന്റെയും സൈറ്റ് എൻജിനിയറുടെ മേൽനോട്ടത്തിൽ തൊഴിലാളികൾ മെഷിൻ ഉപയോഗിച്ച് കമ്പികൾ മുറിച്ചു മാറ്റി. പ്രശ്നത്തിൽ ഇടപെട്ട കൗൺസിലർ ഇ. ഷജീറിനെ രക്ഷിതാക്കൾ അഭിനന്ദിച്ചു.