തുളഞ്ഞുകയറാൻ സ്ലാബിലെ കമ്പികൾ ‘തയാർ’; അംഗൻവാടി കുരുന്നുകൾക്കും പരിക്കേറ്റു
text_fieldsനീലേശ്വരം പൊലീസ് സ്റ്റേഷന് മുന്നിൽ സർവിസ് റോഡരികിൽ നിർമിച്ച ഓവുചാലിന് മുകളിലുള്ള കൂർത്ത കമ്പികൾ
നീലേശ്വരം: കൂർത്തകമ്പികൾ കൊണ്ട് ആളുകളുടെ ചോര ചീറ്റുന്നത് പതിവായതോടെ കരാറുകാരനെതിരെ ജനരോഷം ശക്തം. നീലേശ്വരം പൊലീസ് സ്റ്റേഷന് മുന്നിൽ ദേശീയപാത സർവിസ് റോഡരികിലെ നിർമാണം കഴിഞ്ഞ സ്ലാബിന് മുകളിലാണ് അപകടം വരുത്തുന്നതരത്തിൽ കമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുന്നത്.
സ്ലാബ് നിർമാണം കഴിഞ്ഞശേഷം അവശേഷിച്ച കമ്പികൾ മുറിച്ചുമാറ്റാതെ അതേപടി നിൽക്കുകയാണ്. നിരവധി കാൽനടക്കാർക്ക് പരിക്കേറ്റപ്പോൾ കരാറുകാരുനാട് പരാതി അറിയിച്ചപ്പോൾ മുറിച്ചുമാറ്റുമെന്ന് പറഞ്ഞെങ്കിലും നടന്നില്ല. ഇരുമ്പുകമ്പി കൊണ്ട് പരിക്കേറ്റതുമൂലം കൊച്ചുകുട്ടികൾക്കുപോലും ആശുപത്രിയിലെത്തി ടി.ടി ഇൻജക്ഷൻ എടുക്കേണ്ട അവസ്ഥയാണ്.
പൊലീസ് സ്റ്റേഷന് പടിഞ്ഞാറുഭാഗത്തെ മതിലിനോട് ചേർന്നുള്ള പൊതുവഴിയിൽ കൂടി നടന്നുപോകുനവർ ഈ സ്ലാബ് കടന്നാണ് പോകേണ്ടത്. തൊട്ടടുത്തുള്ള അംഗൻവാടിയിലേക്ക് നിരവധി നടന്നുപോകുന്ന നിരവധി കുട്ടികൾക്ക് കമ്പി കാലിൽ കൊണ്ട് പരിക്കേറ്റുവെന്ന് രക്ഷിതാക്കൾ പറഞ്ഞു.
എൻ.കെ.ബി.എം എ.യു.പി സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്കും പരിക്കേറ്റിരുന്നു. ഇതിനെ തുടർന്ന് കരാറുകാരനോട് പരാതി ഉന്നയിച്ചിട്ടും കൂർത്തുനിൽക്കുന്ന കമ്പികൾ മുറിച്ചുമാറ്റാൻ തയാറായില്ല. മന്ദംപുറം റോഡിലേക്കെത്താൻ നിരവധി ആളുകൾ ഈ പൊതുവഴിയാണ് ആശ്രയിക്കുന്നത്. പരിഹാരം കണ്ടില്ലെങ്കിൽ ദേശീയപാത നിർമാണംതന്നെ തടയാനുള്ള ആലോചനയിലാണ് തങ്ങൾ എത്തിയിരിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു .