താലൂക്ക് ആശുപത്രി ലഹരി മുക്ത ചികിത്സ കേന്ദ്രം മാറ്റാൻ നീക്കം
text_fieldsനീലേശ്വരം താലൂക്ക് ആശുപത്രിയിലെ ഡീ അഡിക്ഷൻ സെന്റർ
നീലേശ്വരം: നീലേശ്വരം താലൂക്ക് ആശുപത്രിയിൽ പ്രവർത്തിച്ചു വരുന്ന ലഹരി മുക്ത ചികിത്സ കേന്ദ്രം മാറ്റാൻ നീക്കം. കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്.
ഇതിനെതിരെ താലൂക്ക് ആശുപത്രി എച്ച്.എം.സി യോഗത്തിൽ രാഷ്ട്രീയ പാർട്ടി അംഗങ്ങൾ പ്രതിഷേധമുയർത്തി. ആശുപത്രി സൂപ്രണ്ടാണ് ഈ വിഷയം ഉന്നയിച്ചത്. എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെയാണ് താലൂക്ക് ആശുപത്രിയിൽ ലഹരിമുക്ത ചികിത്സ കേന്ദ്രം പ്രവർത്തിക്കുന്നത്. ചികിത്സയെത്തുടർന്ന് ലഹരിയിൽ നിന്ന് മോചനം ലഭിച്ചവർ നിരവധിയാണ്.
അതുകൊണ്ട് തന്നെ ആശുപത്രിയിലെ ഡി അഡീക്ഷൻ സെന്റർ മാറ്റാനുള്ള നീക്കത്തിനെതിരെ എല്ലാവരും ഒന്നിച്ചത്. ഡോക്ടറടക്കം ആറ് ജീവനക്കാരാണുള്ളത്. ഇവരെയടക്കം ജില്ല ആശുപത്രിയിലേക്ക് മാറ്റി വിമുക്തി അവിടെ ആരംഭിക്കാനുള്ള ശ്രമമാണ് അണിയറയിൽ നടക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനാണ് എച്ച്.എം.സിയുടെ ചെയർമാൻ.