താൽക്കാലിക പരിഹാരം
text_fieldsനീലേശ്വരം നഗരസഭ കൗൺസിലർ കെ.വി. ശശികുമാറും ടീമും തൈക്കടപ്പുറം റോഡിലെ കുഴിയടക്കുന്നു
നീലേശ്വരം: തകർന്ന് ഗതാഗതയോഗ്യമല്ലാതായ തൈക്കടപ്പുറം സ്റ്റോർ ജങ്ഷൻ-അഴിത്തല റോഡിന് വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ ശ്രമദാനം നടത്തി താൽക്കാലിക പരിഹാരം കണ്ടെത്തി.
തൈക്കടപ്പുറം സ്റ്റോർ വാർഡ് കൗൺസിലർ കെ.വി. ശശികുമാറിന്റെ നേതൃത്വത്തിൽ ചെങ്കല്ലുകൊണ്ടാണ് കുഴികളടച്ചത്. അഴിത്തല ടൂറിസം കേന്ദ്രത്തിലെ ഗതാഗതയോഗ്യമല്ലാത്ത റോഡിന്റെ ദുരവസ്ഥ ആഗസ്റ്റ് 22ന് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. എന്നിട്ടും നഗരസഭ അധികൃതർ തിരിഞ്ഞുനോക്കാത്തതിനാലാണ് കൗൺസിലറുടെ നേതൃത്വത്തിൽ താൽക്കാലിക പരിഹാരമുണ്ടാക്കിയത്. തൈക്കടപ്പുറം വായനശാലക്ക് മുന്നിൽ ചെങ്കല്ല് പാകി വലിയ കുഴിയടച്ചു. സ്കൂട്ടറുമായി പോകുന്നവർ കുഴിയിൽ വീണ് അപകടത്തിൽപെടാറുമുണ്ട്. കഴിഞ്ഞദിവസം ഇറച്ചിക്കോഴിയുമായി പോയ ലോറി അപകടത്തിൽപെട്ടിരുന്നു. കൗൺസിലർ കെ.വി. ശശികുമാറിനെ കൂടാതെ പവിത്രൻ, മഞ്ജു, മധു എന്നിവരും ഇതിൽ പങ്കാളിയായി.