വീടും സ്ഥലവും ജപ്തി ചെയ്ത് ബാങ്ക്; പെരുവഴിയിലായി വയോദമ്പതികൾ
text_fieldsജപ്തി നടപടിമൂലം വീടിനു പുറത്ത് കഴിയുന്ന മുണ്ടേമ്മാടിലെ പത്മനാഭൻ-ദേവി ദമ്പതികൾ
നീലേശ്വരം: വീടും പറമ്പും കോടതി നിർദേശപ്രകാരം ബാങ്ക് അധികൃതരുടെ ജപ്തി നടപടിമൂലം പെരുവഴിയിലായി വയോ ദമ്പതികൾ. സി.പി.എം പാർട്ടി ഗ്രാമമായ നീലേശ്വരം നഗരസഭ പള്ളിക്കര വാർഡിലെ മുണ്ടേമാടിലെ പത്മനാഭൻ-ദേവി വയോ ദമ്പതികൾക്കാണ് ലോൺ തിരിച്ചടക്കാത്തതുമൂലം ഇപ്പോൾ വീടും സ്ഥലവും നഷ്ടപ്പെട്ടിരിക്കുന്നത്.
യൂനിയൻ ബാങ്കിൽനിന്ന് 2015ൽ മകളുടെ വിവാഹ ആവശ്യങ്ങൾക്കും വീടിന്റെ അറ്റകുറ്റപ്പണികൾക്കുമായി ലോണെടുത്തത്. എന്നാൽ, കോവിഡ് കാലത്ത് മകന്റെ ജോലി നഷ്ടപ്പെട്ടതോടെ ലോണിന്റെ തിരിച്ചടവ് മുടങ്ങി. ഇതോടെ യൂനിയൻ ബാങ്ക് കോടതിയെ സമീപിക്കുകയും 2023ൽ ഇവരുടെ മുണ്ടേമ്മാടിലെ വീട് ജപ്തി ചെയ്തിരുന്നു.
വീട് പൂട്ടി സീൽ ചെയ്ത് ജപ്തി നോട്ടീസും പതിച്ചു. വീട് ജപ്തിയായതോടെ ടാർപായ വലിച്ചുകെട്ടി പറമ്പിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. ഇപ്പോൾ പറമ്പിൽനിന്ന് ഒഴിഞ്ഞുപോകണമെന്നും ബാങ്ക് അധികൃതർ നിർദേശം നൽകി. ഇതോടെ വൃദ്ധ ദമ്പതികൾ പെരുവഴിയിലാകുന്ന അവസ്ഥയിലാണ്.
ലോൺ തിരിച്ചടക്കാൻ സഹായിക്കണമെന്ന ആവശ്യവുമായി മകളെ സമീപിച്ചെങ്കിലും തിരിഞ്ഞുപോലും നോക്കിയില്ലെന്ന് വൃദ്ധ ദമ്പതികൾ ആരോപിച്ചു. ലോൺ തിരിച്ചടവിന് സഹായിക്കാൻപോലും മകൾ കൂട്ടാക്കിയില്ലെന്നും ഇവർ പറയുന്നു. മകൻ ഓട്ടോ ഓടിച്ചു കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് ഈ കുടുംബം കഴിയുന്നത്.
അച്ഛൻ പത്മനാഭൻ അസുഖബാധിതനായി ചികിത്സയിലാണ്. 70 വയസ്സുകാരനായ പത്മനാഭനും 68 വയസ്സുകാരിയായ ഭാര്യ ദേവിയും ഇനിയെന്തു ചെയ്യും എന്നറിയാത്ത അവസ്ഥയിലാണ്.