അടിപ്പാതയിലെ വിള്ളൽ താൽക്കാലികമായി അടച്ച് കരാറുകാരൻ തടി തപ്പി;മഴയിൽ വെള്ളം കെട്ടിനിന്നതിനാലാണ് വിള്ളൽ വീണതെന്നാണ് നാട്ടുകാരുടെ പരാതി
text_fieldsനീലേശ്വരം: ദേശീയപാത നിർമാണത്തെ തുടർന്ന് നീലേശ്വരം നഗരത്തെ രണ്ടായി വിഭജിച്ച് നിർമിക്കുന്ന അടിപ്പാതയിലെ വിള്ളൽ സിമന്റ് ഉപയോഗിച്ച് അടച്ച് കരാറുകാരൻ തടിതപ്പി. മാർക്കറ്റ് ജങ്ഷനിൽനിന്ന് നഗരത്തിലേക്കുള്ള പ്രവേശന കവാടത്തിന് അഭിമുഖമായി നിർമിച്ച അടിപ്പാത വിള്ളൽ വീണത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായിരുന്നു. ഭൂമിയുടെ ഘടന പരിശോധിച്ച് ഉറപ്പുവരുത്താതെ നിർമിച്ചത് കൊണ്ടാണ് വിള്ളൽ വീണതെന്നാണ് നാട്ടുകാർ പറയുന്നത്.
തെരഞ്ഞെടുപ്പ് ദിവസം കരാർ കമ്പനി തൊഴിലാളികൾ വിള്ളൽ മറച്ചുവെക്കാനുള്ള ജോലികൾ ചെയ്തിരുന്നു. വെള്ളിയാഴ്ച രാവിലെ മുതൽ വിള്ളലിന് മുകളിൽ സിമന്റ് ചാന്ത് തേച്ച് പിടിപ്പിച്ചു. കഴിഞ്ഞദിവസമുണ്ടായ മഴയിൽ പ്രദേശത്ത് വെള്ളം കെട്ടിനിന്നതിനാലാണ് അടിപ്പാതയുടെ കോൺക്രീറ്റിൽ വിള്ളൽ വീണതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഏപ്രിൽ ഒമ്പതിന് ഇതുസംബന്ധിച്ച് മാധ്യമം വാർത്ത വലിയ ചർച്ചയായിരുന്നു. പൂർണമായും ചതുപ്പുനിലമായ നിർമാണത്തിന്റെ മറ്റൊരു ഭാഗമായ പുഴയോരത്ത് കോൺക്രീറ്റ് ഭിത്തി പടുത്തുയർത്തി അതിൽ മണ്ണിട്ട് നികത്തിയുള്ള നിർമാണത്തിനാണ് കരാർ കമ്പനിയുടെ ശ്രമം. ഇതിന്റെ ഭാഗമായി മരമില്ലിനടുത്ത് കഴിഞ്ഞദിവസം വെള്ളക്കെട്ടിലാണ് ഭിത്തി നിർമാണം നടത്തിയത്.
നീലേശ്വരം പുഴയുടെ ഭാഗമായ ചതുപ്പിൽ ഇത്തരത്തിലുള്ള നിർമാണം വലിയ അപകടത്തിലേക്ക് നയിക്കുമെന്ന ആശങ്ക നിലനിൽക്കെ, അതിനെ സാധൂകരിക്കുന്ന വിധത്തിൽ അടിപ്പാതയിൽ വിള്ളൽ വന്നിരിക്കുന്നത്. ജനപ്രതിനിധികളെയടക്കം തെറ്റിദ്ധരിപ്പിച്ചാണ് ദേശീയപാത നിർമാണം നിർമാണം മുന്നോട്ടുപോകുന്നതെന്ന ആക്ഷേപം നിലനിൽക്കെ മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ചതുപ്പിൽ നിർമാണം നടത്തിയതിന്റെ ഭാഗമായി തകർന്നുവീണ സാഹചര്യമുണ്ടായിരുന്നു. ആകാശപാത നിർമിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ അനിശ്ചിതകാല സമരം ഇരുപത്തി ഒന്നാം ദിവസം പിന്നിട്ടു. ഏപ്രിൽ 17ന് നീലേശ്വരം നഗരസഭ അഡ്ഹോക്ക് കമ്മിറ്റിയുടെ അനിശ്ചിതകാല രാപകൽ സമരവും നടക്കും.


