നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് പൂർത്തിയായി
text_fieldsനീലേശ്വരം നഗരസഭയിൽ സ്ഥിരം സമിതി അധ്യക്ഷൻമാരുടെ
തെരഞ്ഞെടുപ്പിനായി ചേർന്ന കൗൺസിൽ യോഗം
നീലേശ്വരം: നീലേശ്വരം നഗരസഭയിൽ വിവിധ സ്റ്റാൻഡിങ് കമ്മിറ്റികളിലേക്കുള്ള സ്ഥിരം അധ്യക്ഷൻമാരുടെയും അംഗങ്ങളുടെയും തെരഞ്ഞെടുപ്പ് പൂർത്തിയായി. യു.ഡി.എഫ് മത്സരത്തിനില്ലെന്ന് അറിയിച്ചതോടെ അധ്യക്ഷൻമാരുടെയും അതിലെ അംഗങ്ങളെയും സമവായത്തിലൂടെ കണ്ടെത്തി.
ആകെ ആറ് സ്റ്റാൻഡിങ് കമ്മിറ്റികളിൽ വികസനം, ക്ഷേമം സ്റ്റാൻഡിങ് കമ്മിറ്റികളിൽ ആറ് അംഗങ്ങൾ വീതവും ആരോഗ്യം, മരാമത്ത്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റികളിൽ അഞ്ച് അംഗങ്ങൾ വീതവുമുണ്ടാകും. ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർപേഴ്സൻ നഗരസഭ വൈസ് ചെയർപേഴ്സൻ പി.എം. സന്ധ്യയായിരിക്കും. സി.പി.എം കൗൺസിലർമാരായ എ.വി. സുരേന്ദ്രൻ (ആരോഗ്യം), ഇ. ചന്ദ്രമതി (പൊതുമരാമത്ത്), ഇ.കെ. ചന്ദ്രൻ (വികസനം), കെ. സതീശൻ (വിദ്യാഭ്യാസം) എന്നിവരായിരിക്കും സ്ഥിരം സമിതി അധ്യക്ഷൻമാർ. ക്ഷേമകാര്യ സ്ഥിരം സമിതി ആദ്യ രണ്ടരവർഷം ഐ.എൻ.എല്ലിലെ ഷമീന മുഹമ്മദും പിന്നീടുള്ള രണ്ടരവർഷം സി.പി.ഐയിലെ പി.വി. സുനിതയും കൈകാര്യംചെയ്യും.
യോഗത്തിൽ നഗരസഭ ചെയര്‍മാന്‍ പി.പി. മുഹമ്മദ്റാഫി, വൈസ് ചെയര്‍പേഴ്സൻ പി.എം. സന്ധ്യ എന്നിവരുടെ സാന്നിധ്യത്തില്‍ നഗരസഭ സെക്രട്ടറി ആയുഷ് ജയരാജന്‍, സൂപ്രണ്ട് സുധീര്‍ തെക്കടവന്‍, ക്ലീന്‍ സിറ്റി മാനേജര്‍ എ.കെ. പ്രകാശന്‍, തെരഞ്ഞെടുപ്പ് ജീവനക്കാരനായ സൂപ്രണ്ട് കെ. മുഹമ്മദ് നവാസ്, കെ.സി. ഹരികൃഷ്ണന്‍, എൻ. സജിത്ത്, പി.വി. ലെന, ടി. രാജേഷ് എന്നിവര്‍ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുത്തു.


