നഗരസഭ സംരക്ഷണഭിത്തി നിര്‍മിക്കും
text_fieldsനീലേശ്വരം: നൂറ്റാണ്ടുകൾ പഴക്കമുള്ള നാശത്തിന്റെ വക്കിലെത്തിനിൽക്കുന്ന നീലേശ്വരം കോവിലകംചിറ റോഡരികിലെ അപകടസാധ്യത കണക്കിലെടുത്ത് നഗരസഭ സംരക്ഷണഭിത്തി നിര്‍മിക്കുമെന്ന് ചെയർമാൻ പി.പി. മുഹമ്മദ് റാഫി പറഞ്ഞു.
കിഴക്കന്‍കൊഴുവൽ വാർഡിൽ ഉൾപ്പെടുന്ന ചിറയുടെ സമീപത്തുകൂടി പോകുന്ന റോഡിന്റെ വശം ഇടിഞ്ഞുതാഴ്ന്ന് അപകടകരമാംവിധത്തിൽ നിൽക്കുകയാണ്. ജനുവരി 13ന് ‘ചിറയിൽ വീഴാതെ നോക്കണേ’യെന്ന തലക്കെട്ടിൽ മാധ്യമം വാർത്ത നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ട നഗരസഭ ചെയർമാനും കൗൺസിലർമാരും ഉദ്യോഗസ്ഥരും റോഡും ചിറയും സന്ദർശിക്കുകയും അപകടസാധ്യത ബോധ്യപ്പെടുകയും ചെയ്തു.
തുടർന്ന് കോവിലകം ചിറക്കുചുറ്റുമുണ്ടാക്കിയ മെക്കാഡം റോഡില്‍ ക്രാഷ് ബാരിയര്‍ നിര്‍മിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി അറിയിച്ചത്. ചിറക്കുചുറ്റുമുള്ള റോഡ് നഗരറോഡ് വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തി മെക്കാഡം ചെയ്തതിനാല്‍ ഗതാഗതം വർധിക്കുകയും അപകടസാധ്യത കൂടുകയും ചെയ്യുന്ന സാഹചര്യമാണ്.
വൈസ് ചെയര്‍പേഴ്സൻ പി.എം. സന്ധ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ. സതീശന്‍, മരാമത്ത് കാര്യ സ്ഥിരംസമിതി അധ്യക്ഷ ഇ. ചന്ദ്രമതി, കൗണ്‍സിലര്‍മാരായ പി. വിനോദ് കുമാര്‍, പി. രാജം, ഓവര്‍സിയര്‍ കിരണ്‍ എന്നിവരും സന്ദർശന സംഘത്തിലുണ്ടായിരുന്നു.


