ബൈക്കിൽ കടത്തുകയായിരുന്ന പുകയില പാക്കറ്റ് പിടികൂടി
text_fieldsമുസ്താഖ്
നീലേശ്വരം: ഓപറേഷൻ തൂഫാന്റെ ഭാഗമായി നടന്ന വാഹന പരിശോധനയിൽ നീലേശ്വരം എസ്.ഐമാരായ കെ. അജിതയുടെയും ജി. ജിഷ്ണുവിന്റെയും നേതൃത്വത്തിൽ വൻ ലഹരി വേട്ട. കോട്ടപ്പുറം ഭാഗത്ത് പൊലീസ് വാഹന പരിശോധനക്കിടയിൽ ബൈക്കിൽ കടത്തുകയായിരുന്ന 500 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. സംഭവത്തിൽ ആനച്ചാലിലെ മുസ്താഖ് (32)നെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് സംഘത്തിൽ ലഹരി വിരുദ്ധ സ്ക്വാഡിലെ അംഗങ്ങളായ എസ്.ഐ. സുഗുണൻ, മഹേഷ് കാങ്കോൽ, അജിത്ത് പള്ളിക്കര, സുജിത്ത് കൂക്കോട് എന്നിവരും ഉണ്ടായിരുന്നു.
മുമ്പും നിരവധി തവണ ലഹരി ഉൽപന്നങ്ങൾ വിൽപന നടത്തിയതിന്റെ പേരിൽ മുസ്താഖിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. നീലേശ്വരം, കോട്ടപ്പുറം, മടക്കര, ചെറുവത്തൂർ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ലഹരി കച്ചവടം നടത്തുന്നതെന്ന വിവരത്തെ തുടർന്ന് ഇയാളെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഓപറേഷൻ തൂഫാന്റെ ഭാഗമായി ലഹരിക്കെതിരെ കർശന പരിശോധനകളാണ് നീലേശ്വരം പൊലീസ് നടത്തിവരുന്നത്. ഇതുവരെ ഈയിനത്തിൽ 17 കേസുകളാണ് നീലേശ്വരത്ത് രജിസ്റ്റർ ചെയ്തത്.


