തുരുമ്പെടുത്ത് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ
text_fieldsനീലേശ്വരത്ത് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളുടെ മുകളിൽ വാഹനങ്ങൾ കയറ്റിവെച്ചനിലയിൽ
നീലേശ്വരം: പൊലീസ് പിടിച്ചെടുത്തവാഹനങ്ങളെക്കൊണ്ട് സ്റ്റേഷൻ വളപ്പ് നിറഞ്ഞുകവിഞ്ഞു. അനധികൃതമായി പിടിച്ചെടുത്ത മണൽ, പൂഴി കടത്തു ലോറികളാണ് കൂടുതലുമുള്ളത്. ഇങ്ങനെ രേഖകളില്ലാതെ കടത്തുമ്പോൾ പൊലീസ് പിടിച്ചെടുത്ത ലോറികൾ മഴയും വെയിലുംകൊണ്ട് തുരുമ്പെടുത്ത് നശിക്കുന്നു.കോടതികളിൽ കേസുകൾ കെട്ടിക്കിടന്ന ശേഷം പിഴ ശിക്ഷ ഉത്തരവ് വരുമ്പോഴേക്കും വർഷങ്ങൾ പിന്നിടും. അപ്പോഴേക്കും വാഹനങ്ങൾ നശിച്ച് ഉപയോഗ ശൂന്യമാകും. ഇങ്ങനെ വർഷങ്ങൾ കഴിയുമ്പോഴേക്കും വാഹനങ്ങൾ കാടുകയറി തകർന്ന് ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയാകും.
നീലേശ്വരത്ത് പൊലീസ് സ്റ്റേഷൻ കെട്ടിടത്തിൽതന്നെ വേണ്ടത്ര സൗകര്യമില്ല. പിടിച്ചെടുക്കുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാതെ ബുദ്ധിമുട്ടുകയാണ്. പൊലീസിന് പരേഡ് നടത്താനും വാഹനങ്ങളുടെ പാർക്കിങ് വിലങ്ങുതടിയാവുകയാണ്. ഇപ്പോൾ വാഹനങ്ങൾക്കു മുകളിൽ മറ്റൊരു വാഹനം കയറ്റിവെച്ചിരിക്കുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്റ്റേഷൻ വളപ്പിന് പുറത്ത് നിർത്തിയിട്ട വാഹനങ്ങൾ എവിടേക്ക് മാറ്റുമെന്ന ആധിയിലാണ് നീലേശ്വരം പൊലീസ്.