തീരദേശത്തിന് ആശ്വാസം; നിർത്തലാക്കിയ കെ.എസ്.ആർ.ടി.സി സർവിസ് പുനരാരംഭിക്കുന്നു
text_fieldsRepresentational Image
പടന്ന: മുടങ്ങിയ പയ്യന്നൂർ, തൃക്കരിപ്പൂർ പടന്ന -പടന്നക്കടപ്പുറം റൂട്ടിലെ കെ.എസ്.ആർ.ടി.സി ബസ് സർവിസ് 10ന് പുനരാരംഭിക്കും. ആദ്യഘട്ടത്തിൽ ഒരു ബസാണ് സർവിസ് നടത്തുക. യാത്രക്കാർക്ക് ഉപകാരപ്പെടുംവിധം സമയം ക്രമീകരിച്ച് ദിവസത്തിൽ മൂന്നുസമയത്താണ് സർവിസ് നടത്തുകയെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു.
ഉച്ചക്ക് 1.15 ന് പയ്യന്നൂർ നിന്ന് തൃക്കരിപ്പൂർ കാര തലിച്ചാലം -നടക്കാവ് വഴിയും രാത്രി എട്ടിന് ഒളവറ നടക്കാവ് വഴിയുമാണ് പടന്നക്കടപ്പുറത്ത് എത്തുക. അതിരാവിലെ 5.15 ന് തിരിച്ച് പടന്നക്കടപ്പുറത്തുനിന്ന് പുറപ്പെടും. കോവിഡ് കാലത്താണ് ഈ റൂട്ടിൽ സർവിസുകൾ നിർത്തലാക്കിയത്. പ്രസ്തുത ബസ് അടക്കം പടന്ന റൂട്ടിൽ ഉണ്ടായിരുന്ന നാല് ബസ് സർവിസ് പുന:സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രി ആൻറണി രാജുവിന് എം. രാജഗോപാലൻ എം.എൽ.എ മുഖേന പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. മുഹമ്മദ് അസ്ലം, ഉദിനൂർ സി.പി.എം ഘടകവും തൃക്കരിപ്പൂർ, പടന്നകടപ്പുറം ഭാഗത്തെ ഇടത് യുവജന വിഭാഗങ്ങളും നിവേദനം നൽകിയിരുന്നു.
മൂന്ന് പതിറ്റാണ്ടിലേറെ കാലം മൂന്ന് ബസുകൾ പടന്ന വഴി സർവിസ് നടത്തിയിരുന്നു.കോവിഡ് കാലത്ത് സർവിസ് നിർത്തിയതോടെ സ്കൂൾ വിദ്യാർഥികളടക്കം വലിയ പ്രയാസം നേരിട്ടുവരുകയായിരുന്നു. തീരദേശ മേഖലയിൽനിന്ന് ഉൾപ്പെടെ നിരവധി വിദ്യാർഥികൾ, മത്സ്യത്തൊഴിലാളികൾ, അതിരാവിലെ പയ്യന്നൂർ റെയിവേ സ്റ്റേഷനിൽ എത്തേണ്ട ദീർഘദൂര യാത്രക്കാർ എന്നിവർക്ക് ആശ്രയമായിരുന്നു ഈ സർവിസ്. സർവിസ് പുനരാരംഭിക്കുവാനുള്ള നടപടി സ്വീകരിച്ച വകുപ്പ് മന്ത്രിയെയും എം.എൽ.എയെയും പടന്ന ഗ്രാ പഞ്ചായത്ത് പ്രസിഡന്റ് പി.വി. മുഹമ്മദ് അസ്ലം അഭിനന്ദിച്ചു. ബാക്കി ബസുകളും അടിയന്തരമായി പുനരാരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.