പടന്നയിൽ സമാധാന യോഗം വിളിച്ചുചേർത്ത് പൊലീസ്; കടകൾക്കും ടർഫിനും സമയക്രമം
text_fieldsപടന്നയിൽ ചേർന്ന സമാധാന യോഗത്തിൽ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ സംസാരിക്കുന്നു
പടന്ന: ആവർത്തിച്ചുണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ സമാധാന യോഗം വിളിച്ച് ചേർത്ത് പൊലീസ്. ഡിവൈ.എസ്.പിയുടെ നിർദേശപ്രകാരം ചന്തേര പൊലീസിന്റെ നേതൃത്വത്തിൽ പടന്ന വ്യാപാര ഭവനിലാണ് യോഗം ചേർന്നത്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ ഉദ്ഘാടനം യോഗം ചെയ്തു. പടന്ന പഞ്ചായത്ത് പ്രസിഡൻറ് പി.വി. മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു.
ലഹരിമുക്ത ഗ്രാമം ലക്ഷ്യംവെച്ച് നാട്ടുകാരുടെ കൂട്ടായ്മയുണ്ടാക്കുവാൻ തീരുമാനിച്ചു. യോഗ തീരുമാനപ്രകാരം ഡിസംമ്പർ 31വരെ കടകൾ രാത്രി 10 മണി വരെയും ഹോട്ടലുകൾ, കഫേകൾ എന്നിവ രാത്രി 11 വരെയും മാത്രമേ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളൂ.
ടർഫുകളിൽ 18 വയസ്സ് വരെയുള്ളവർ രാത്രി ഏഴ് മണി വരെയും 18 വയസ്സിന് മുകളിലുള്ളവർക്ക് രാത്രി 11 മണി വരെയും കളിക്കാൻ ധാരണയായി. ഈ തീരുമാനം ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു. ഒക്ടോബർ 20 മുതൽ തീരുമാനം നടപ്പാക്കും.
രാത്രി അസമയത്ത് പുറമെനിന്ന് എത്തുന്നവരെയും അന്തർസംസ്ഥാന തൊഴിലാളികളെയും പൊലീസ് നിരീക്ഷിക്കുവാനും തീരുമാനിച്ചു. ചന്തേര പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സി. പ്രദീപ് കുമാർ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ കെ.വി. നരേന്ദ്രൻ, കെ. സജീഷ് എന്നിവർ പങ്കെടുത്തു.
വാർഡ് മെംബമാർ, വ്യാപാരി സംഘടന പ്രതിനിധികൾ, മത, രാഷ്ട്രീയ സംഘടന പ്രതിനിധികൾ, ക്ലബ് പ്രതിനിധികൾ, ടർഫ് പ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, ബാങ്ക് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ചന്തേര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി.പി. മനുരാജ് സ്വാഗതവും സബ് ഇൻസ്പെക്ടർ എം.പി. ശ്രീദാസൻ നന്ദിയും പറഞ്ഞു.