ജാനകിച്ചേച്ചിക്ക് കൊടുത്ത വാക്കുപാലിച്ച് സുബൈദ; മൂന്നാറിലേക്ക് ഒരു അടിപൊളി യാത്ര
text_fieldsമൂന്നാർ യാത്രയിൽ ജാനകിച്ചേച്ചിയും സുബൈദയും
പടന്ന: നാട്ടിലെ കത്തുന്ന ചൂടിനൊപ്പം തെരഞ്ഞെടുപ്പും ചൂടും ആയപ്പോൾ വാടിത്തളർന്ന തന്നോടൊപ്പമുള്ള സഹപ്രവർത്തകർക്ക് പി.സി സുബൈദ ഒരു വാക്ക് കൊടുത്തിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ കഴിഞ്ഞാൽ എല്ലാവരേയും മൂന്നാറിലേക്ക് കൊണ്ട് പോകുമെന്ന്. ‘പ്രായമുള്ള ഞങ്ങളെയൊക്കെ ആര് കൂടെ കൂട്ടാനാ’ എന്ന് 70 കാരിയായ ജാനകി ചേച്ചിയെ പോലുള്ളവർ സംശയം പ്രകടിപ്പിച്ചുവെങ്കിലും സഖാക്കൾക്ക് കൊടുത്ത വാക്ക് മഹിള അസോസിയേഷൻ ജില്ല പ്രസിഡന്റ് കൂടിയായ സുബൈദ പാലിച്ചു. ടൊമ്പോ ട്രാവലർ സംഘടിപ്പിച്ച്
70 വയസ്സുള്ള മച്ചിക്കാട്ടെ ജാനകിയേച്ചിയും 63 വയസ്സുള്ള ഓരിയിലെ പത്മിനിയേച്ചിയുമടക്കം പതിനാല് മഹിള പ്രവർത്തകരേയും കൊണ്ട് ആടിയും പാടിയും മൂന്നാറിന്റെ തണുപ്പിലേക്ക് ഒരു യാത്ര. വെന്തുരുകുന്ന ചൂടിൽ ശരീരവും മനസ്സും തണുപ്പിച്ച ആ യാത്ര പ്രായമായവർക്ക് മറക്കാനാവാത്ത അനുഭവമായി. രാത്രി പുറപ്പെട്ട് ആറ് മണിയോടെ അടിമാലിയിൽ എത്തിയ സംഘം ഹോട്ടലിൽ നിന്ന് ഫ്രഷായി പ്രാതൽ കഴിച്ചു.
പ്രകൃതി സൗന്ദര്യം ആസ്വദിച്ച് ഇരവികുളം നാഷണൽ പാർക്കിലേക്ക് പോയി. മാട്ടുപ്പെട്ടി ഡാം, എക്കോ പോയന്റ്, ടോപ് സ്റ്റേഷൻ, വട്ടവട, കൊട്ടാകുബൂർ വെള്ളച്ചാട്ടം, പഴത്തോട്ടം വ്യൂ പോയന്റ് ട്രൈബൽ വ്യൂ, ചിലന്തിയാർ വെള്ളച്ചാട്ടം.
സ്റ്റോബറി ഫാം, ആനമുടി ചോല, കുണ്ടറ ഡാം, ടീ ഫാക്ടറി അങ്ങിനെ മൂന്നാറിലും പരിസത്തുമുള്ള എല്ലായിടത്തും കറങ്ങി തിരിച്ച് എടച്ചാക്കൈ എത്തുന്നത് വരെയുള്ള അനുഭവം ജാനകി ചേച്ചിക്കും സംഘത്തിനും പുതിയൊരു അനുഭവമായി.