പൊലീസ് പിടിച്ചെടുത്ത മണ്ണുമാന്തി യന്ത്രം ഒടുവിൽ തങ്കരാജിന്
text_fieldsവിട്ടു കിട്ടിയ മണ്ണുമാന്തി യന്ത്രത്തിൽ തങ്കരാജ്
പടന്ന: വയൽ മണ്ണിട്ടുനികത്തിയെന്ന കേസിൽ പൊലീസ് പിടിച്ചെടുത്ത മണ്ണുമാന്തിയന്ത്രം കോടതി വിധിയിലൂടെ തങ്കരാജിന് വിട്ടുകിട്ടി. ഒന്നരവർഷത്തെ നിയമവ്യവഹാരങ്ങൾക്കൊടുവിലാണ് യന്ത്രം പൊലീസ് കസ്റ്റഡിയിൽനിന്ന് വിട്ടുകിട്ടിയത്. പടന്ന കാലിക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനോട് ചേർന്ന പാടത്ത് പണിയെടുക്കുമ്പോഴാണ് മണ്ണുമാന്തി യന്ത്രം ചന്തേര പൊലീസ് പിടിച്ചെടുത്തത്.
ശക്തമായ മഴയിൽ ഇടിഞ്ഞ ഖബർസ്ഥാനിലെ മണ്ണ് നിരത്തുന്നതിനാണ് മണ്ണുമാന്തി യന്ത്രം വന്നതെന്ന് പള്ളിക്കമ്മിറ്റി വാദിച്ചെങ്കിലും യന്ത്രം പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് വയൽ നികത്തിയെന്ന കേസിൽ കലക്ടർ 45 ലക്ഷം രൂപ പിഴയിട്ടതോടെ തമിഴ്നാട് സ്വദേശി ചെറുവത്തൂർ കൈതക്കാട് താമസിക്കുന്ന തങ്കരാജിന്റെ നിത്യവൃത്തി അടഞ്ഞു. പിഴയടക്കാനാവാതെ ഒന്നരവർഷമായി മണ്ണുമാന്തി യന്ത്രം ചന്തേര പൊലീസ് സ്റ്റേഷൻ പരിസരത്ത് കാടുപിടിച്ചുകിടക്കുന്ന അവസ്ഥയിലായിരുന്നു.
തങ്കരാജിന്റെ ദയനീയാവസ്ഥയിൽ മസ്ജിദ് കമ്മിറ്റി ഭാരവാഹികളും പൊതുപ്രവർത്തകരും കോടതിയെ സമീപിക്കുകയായിരുന്നു. അഡ്വ. പി.കെ. സുഭാഷും സീനിയർ അഡ്വക്കറ്റ് ദീപക് മേനോനുമാണ് തങ്കരാജിനുവേണ്ടി കോടതിയിൽ ഹാജരായത്. ഫൈൻ വിധിച്ച തുകക്ക് തുല്യമായ ഈട് ബോണ്ട് ജാമ്യത്തിലും വിൽപനയോ കൈമാറ്റമോ പാടില്ലെന്ന ഉപാധിയിലുമാണ് യന്ത്രം വിട്ടുകിട്ടിയത്.