പേപ്പര്‍രഹിത ബജറ്റുമായി ഈസ്റ്റ് എളേരി; കാര്‍ഷിക, വിനോദ സഞ്ചാര മേഖലകള്‍ക്ക് മുന്‍തൂക്കം
text_fieldsഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് ഫിലോമിന ജോണി ആക്കാട്ട് അവതരിപ്പിക്കുന്നു
പരപ്പ: ഗ്രാമീണ റോഡുകൾ വര്‍ഷത്തിനുള്ളില്‍ പൂർണമായും നവീകരിക്കുന്ന 'ഏദന്‍ ഗ്രീന്‍ കോറിഡോര്‍' പദ്ധതിക്കു മുന്‍തൂക്കം നൽകി ഈസ്റ്റ് എളേരി പഞ്ചായത്ത് ബജറ്റ്. ഉല്‍പാദന, സേവന, വികസന, ടൂറിസം മേഖലകളില്‍ തുല്യമായ പരിഗണന നല്‍കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ഫിലോമിന ജോണി ആക്കാട്ട് അവതരിപ്പിച്ചു. പേപ്പര്‍രഹിതമായി ലാപ്ടോപ് ഉപയോഗിച്ചാണ് ബജറ്റവതരണം നടത്തിയത്.
ആകെ 309841077 രൂപ വരവും 30825875 രൂപ ചെലവും 1589202 നീക്കു ബാക്കിയും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ടര്‍ഫ് കോര്‍ട്ട് വോളിബാള്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, സ്വിമ്മിങ് പൂള്‍, കുടുംബശ്രീ വ്യവസായ പാര്‍ക്ക് എന്നിവ ഉള്‍പ്പെടുന്ന, ടൂറിസത്തിനും കായിക വികസനത്തിനും ഊന്നല്‍ നല്‍കിയിട്ടുള്ള പദ്ധതിയും വരും വര്‍ഷത്തിലേക്കായി നടപ്പിലാക്കാന്‍ തീരുമാനിച്ചു.
സമ്പൂര്‍ണ ജൈവ പഞ്ചായത്തായ ഈസ്റ്റ് എളേരി കാര്‍ഷിക മേഖലയിലും മൃഗസംരക്ഷണ മേഖലയിലും പ്രത്യേക പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന പ്രവാസികളെ ആകര്‍ഷിക്കുന്ന പദ്ധതികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കും. പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തമാക്കല്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജി കമ്പല്ലൂര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ മേഴ്സി മാണി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.