അഷ്ഫാഖിന്റെ ജീവിതയാത്രക്ക് ഇനി ഗതിവേഗം
text_fieldsഅഷ്ഫാഖിനുള്ള ഇലക്ട്രിക് സൈക്കിൾ നടൻ പി.പി. കുഞ്ഞികൃഷ്ണൻ പ്രധാനാധ്യാപകൻ വി.കെ.പി. അബ്ദുൽ ജബ്ബാറിന് കൈമാറുന്നു
തൃക്കരിപ്പൂർ: അധ്യാപകരും പൂർവ വിദ്യാർഥികളും ഒരുമിച്ചപ്പോൾ ഒരു വണ്ടിക്കായുള്ള അഷ്ഫാഖിന്റെ കാത്തിരിപ്പിന് വിരാമം. ഇളമ്പച്ചി ഗുരു ചന്തുപ്പണിക്കർ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി അഷ്ഫാഖ് പ്രത്യേക പരിഗണനയർഹിക്കുന്ന വിദ്യാർഥിയാണ്.
മുച്ചക്ര സൈക്കിളിൽ വളരെ പ്രയാസപ്പെട്ട് സ്കൂളിലെത്തുന്ന അഷ്ഫാഖിന്റെ നീണ്ടകാലത്തെ ആഗ്രഹമാണ് സ്വന്തമായൊരു ഇലക്ട്രിക് സൈക്കിൾ. തന്റെ ആഗ്രഹം പലപ്പോഴായി അവൻ സ്പെഷൽ എജുക്കേറ്ററായ ഷാനിബയോടും പറഞ്ഞിട്ടുണ്ട്. ഷാനിബയാണ് വിവരം സ്കൂൾ സ്റ്റാഫ് സെക്രട്ടറി ടി.എം.വി. മുരളീധരനോട് പറഞ്ഞത്.
അദ്ദേഹം സ്കൂളിലെ പൂർവവിദ്യാർഥിയായ പി. പ്രസാദിനോട് പറയുകയും അദ്ദേഹത്തിന്റെ 1994 എസ്.എസ്.എൽ.സി ബാച്ച് കൂട്ടായ്മ സഹായവുമായി മുന്നോട്ടുവരുകയും ചെയ്തു. നടൻ പി.പി. കുഞ്ഞികൃഷ്ണൻ ഹെഡ്മാസ്റ്റർ വി.കെ.പി. അബ്ദുൽ ജബ്ബാറിന് സൈക്കിൾ കൈമാറി. കെ.പി. കമലാക്ഷൻ, അഡ്വ. എസ്.എൻ. സരിത, എം. മനു, മുഹമ്മദ് അക്രം, ടി.എം.വി. മുരളീധരൻ, ഇ.വി. ഗണേശൻ, കെ. രവി, ടി.വി. വിനോദ് കുമാർ എന്നിവർ സംബന്ധിച്ചു.