തീരനിയമം: തീരവാസികൾക്കിത് ജീവന്മരണ പോരാട്ടം
text_fieldsതൃക്കരിപ്പൂർ: അറബിക്കടലിനും കവ്വായിക്കായലിനും മധ്യേയുള്ള വലിയപറമ്പ ദ്വീപിലും പടന്ന പഞ്ചായത്തിന്റെ തീരദേശത്തും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അസാധ്യമാക്കുന്ന സി. ആർ.സെഡ് ചട്ടങ്ങളിൽ ഇളവുതേടി നടക്കുന്ന പ്രക്ഷോഭം ഇവിടത്തുകാർക്ക് ജീവൽ പ്രധാനം.
ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം തയാറാക്കിയ റിപ്പോർട്ടാണ് 2019ലെ തീരനിയമത്തിൽനിന്ന് അൽപം പോലും ഇളവില്ലാതെ നടപ്പാക്കിയത്. ദ്വീപ് പഞ്ചായത്തായ വലിയപറമ്പിന്റെ 90 ശതമാനവും തീരനിയമത്തിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളാണ്.
തീരനിയമത്തില്‍ തന്നെ നാല് മേഖലകൾക്കുപുറമേ പ്രത്യേക പരിഗണന നല്‍കിയ പ്രദേശങ്ങളിലാണ് കേരളത്തെ ഉള്‍പ്പെടുത്തിയത്. 24 കിലോമീറ്റര്‍ ദൈര്‍ഘ്യവും ശരാശരി 800 മീറ്റര്‍ വീതിയുമാണ് വലിയപറമ്പ ദ്വീപിനുള്ളത്. കടലില്‍നിന്ന് 200 മീറ്ററും കായലില്‍നിന്ന് 50 മീറ്ററും വിട്ടുവേണം നിര്‍മാണ പ്രവൃത്തികള്‍.
500 മീറ്ററിനകത്ത് നിര്‍മാണം നടത്താന്‍ സംസ്ഥാനതല അനുമതിയും വേണം. ദ്വീപുവാസികളുടെ ഉയർന്ന പരിസ്ഥിതി ബോധമാണ് ഇടയിലക്കാട് പോലുള്ള തുരുത്തുകൾ പോറലേൽക്കാതെ നിലനിൽക്കുന്നത്.
പടന്ന പഞ്ചായത്തിന്റെ മൂന്നുഭാഗവും കായൽ തീരമാണ്. തുരുത്തുകൾ തന്നെയുമുണ്ട്. വിനോദ സഞ്ചാര മേഖലയിൽ അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെടുന്ന മേഖലകളാണ്, പടന്ന - വലിയപറമ്പ പഞ്ചായത്തുകൾ.
കടലിന്റെ വേലിയേറ്റ മേഖലയില്‍നിന്ന് 500 മീറ്റര്‍ വിട്ടുമാത്രമേ നിര്‍മാണം പാടുള്ളൂവെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ 2019 വിജ്ഞാപനത്തിൽ നിഷ്കര്‍ഷിക്കുന്നു. ഇത്രയും മേഖല ഒഴിവാക്കിയാലും കായലില്‍നിന്നുള്ള ദൂരപരിധിയില്‍ നിര്‍മാണ പ്രവൃത്തികള്‍ കുടുങ്ങും.
വലിയപറമ്പിനെ ഉൾനാടൻ ദ്വീപുസമൂഹത്തിലോ തീരദേശ ദ്വീപിലോ ഉൾപ്പെടുത്തി വേലിയേറ്റ മേഖലയിൽനിന്ന് 20 മീറ്റർ ആനുകൂല്യം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ദ്വീപുവാസികൾ. ഈ പ്രതീക്ഷ അട്ടിമറിച്ചാണ് ദ്വീപിനെ വീണ്ടും തീരനിയമ ചട്ടം 3 ബിയിൽ തന്നെ ഉൾപ്പെടുത്താനുള്ള നിർദേശം റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചത്.
സര്‍ക്കാര്‍ പദ്ധതിയില്‍ പാവങ്ങള്‍ക്കായി പണിയുന്ന വീടുകള്‍ക്ക് പോലും അനുമതി നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ല. ഓരോ അപേക്ഷയും പരിഗണിക്കാൻ സി.ആർ.ഇസെഡിന്റെ തിരുവനന്തപുരത്തെ സംസ്ഥാന സമിതിയിൽ പരിഗണനക്കായി വിടേണ്ടിവരുന്നു. കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ ജൈവ സമ്പന്നമായ കവ്വായിക്കായല്‍ അതിരിടുന്നതിനാല്‍ ചട്ടങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ലഭിക്കില്ല.
ഇതോടൊപ്പം വേലിയേറ്റ, വേലിയിറക്ക സ്വാധീനം അനുഭവപ്പെടുന്നു എന്നതും ദ്വീപിനെ പരിസ്ഥിതിലോല ആവാസ വ്യവസ്ഥകളില്‍പെടുത്തുന്നു. ദ്വീപിന്റെ തെക്കറ്റത്തെ വാര്‍ഡ് ശരാശരി 100 മീറ്റര്‍ വീതിയിലാണ്. മധ്യഭാഗത്ത് വലിയപറമ്പ പഞ്ചായത്ത് ഓഫിസ് പരിസരത്താണ് ഏറ്റവും കൂടിയ വീതി 800 മീറ്റര്‍.
ഏറ്റവും കുറഞ്ഞ വീതി 30 മീറ്ററും കൂടിയ വീതി 850 മീറ്ററുമാണ്. കെട്ടിട നിര്‍മാണത്തിനുള്ള അപേക്ഷകളിൽ ഭൂരിഭാഗവും തീരനിയമത്തില്‍ കുരുങ്ങിക്കിടപ്പാണ്. അതേസമയം, തീരനിയമത്തിലെ പ്രത്യേക ദ്വീപ് പദവി ലഭിച്ചെങ്കിൽ വലിയപറമ്പ നിയമക്കുരുക്കില്‍നിന്ന് രക്ഷപ്പെട്ടേക്കും.