സിന്തറ്റിക് ടർഫിന്റെ പാർക്കിങ് കവരുന്ന നടപ്പാത വിവാദത്തിൽ
text_fieldsനടക്കാവ് രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിന് മുന്നിലെ നടപ്പാത നിർമാണം
തൃക്കരിപ്പൂർ: നടക്കാവ് രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിന് സമീപം പാതയോരത്തുണ്ടായിരുന്ന സ്ഥലം രണ്ടായി പകുത്ത് നടപ്പാത നിർമാണം. ഒളവറ-തൃക്കരിപ്പൂർ-കാലിക്കടവ് പാതയിൽ തടിയൻകൊവ്വലിലാണ് 15 സെ.മീറ്റർ ഉയരത്തിൽ കോൺക്രീറ്റ് ചെയ്ത് നടപ്പാത ഒരുക്കുന്നത്.
റോഡിൽനിന്ന് ഒരു മീറ്ററോളം മാറിയാണ് കോൺക്രീറ്റ് പണി ആരംഭിച്ചത്. സമീപത്ത് സമാന്തരമായി രണ്ടാമത്തെ കോൺക്രീറ്റ് പ്രവൃത്തി ആരംഭിച്ചപ്പോഴാണ് ഇതിന്റെ പ്രയാസം വ്യക്തമായത്. ടർഫിന്റെ ചുറ്റുമതിലിനോടു ചേർന്ന് ഓവുചാൽ നിലവിലുണ്ട്. ഇതിന് മുകളിലായി നടപ്പാത നിർമിച്ചിരുന്നെങ്കിൽ ഉപകാരപ്രദമാകുമായിരുന്നുവെന്ന് കായിക പ്രേമികൾ പറയുന്നു.
വിവിധ റീച്ചുകളിലായി ഒന്നര കിലോമീറ്റർ ദൈർഘ്യത്തിലാണ് നടപ്പാത പണിയുന്നത്. ഒളവറ -തൃക്കരിപ്പൂർ കാലിക്കടവ് റോഡ് അഭിവൃദ്ധിയുടെ ഭാഗമായി അനുവദിച്ച ഫണ്ടുപയോഗിച്ച് പൊതുമരാമത്ത് വകുപ്പാണ് പ്രവൃത്തി ചെയ്യുന്നത്. വിവിധ സംസ്ഥാന, ദേശീയ മത്സരങ്ങൾക്ക് വേദിയാകുന്ന സംസ്ഥാനത്തെ രണ്ടാമത്തെ വിവിധോദ്ദേശ്യ ഇൻഡോർ സ്റ്റേഡിയമാണ് ഇവിടെയുള്ളത്. ഇതിന് വേറെ പാർക്കിങ് സൗകര്യമില്ല.
മത്സരാർഥികൾക്കും കായികപ്രേമികൾക്കും ചെറുവാഹനങ്ങൾ പാർക്ക് ചെയ്യാവുന്ന സ്ഥലമാണ് ദീർഘവീക്ഷണമില്ലാത്ത പ്രവൃത്തിയിലൂടെ ഇല്ലാതാകുന്നത്. പ്രവൃത്തി പുനഃപരിശോധിക്കണമെന്നാണ് ആവശ്യം. ഇപ്പോഴത്തെ നടപ്പാതയും സ്റ്റേഡിയം അതിർത്തിയും തമ്മിൽ മൂന്നു മീറ്ററിലധികം അകലമുണ്ട്. ഇത് മറ്റൊരാവശ്യത്തിന് പ്രയോജനപ്പെടാത്ത സാഹചര്യവുമുണ്ടാകും.


