അന്യമാവുന്ന ശലഭ ഇനങ്ങൾക്കായി പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മ
text_fieldsസംസ്ഥാന ശലഭമായ ബുദ്ധമയൂരി
തൃക്കരിപ്പൂർ: പൂമ്പാറ്റകൾക്കായി കേരളത്തിെൻറ വടക്കെ അറ്റം മുതൽ തെക്കെ അറ്റം വരെ സഹ്യാദ്രിയുടെ താഴ്‌വാരങ്ങളിലൂടെ 'ശലഭത്താര' ഒരുങ്ങുന്നു. ശലഭങ്ങൾക്കായി ഇടമുറിയാതെ ഒരു വഴിത്താര ഒരുക്കിയെടുക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് അങ്ങോളമിങ്ങോളം ഇതിനായി പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മ രൂപവത്കൃതമായി. പാതയിൽ പലയിടങ്ങളിലായി ശലഭങ്ങളുടെ ലാർവഭക്ഷണസസ്യം ഒരുമിച്ച് നട്ടുവളർത്തി ഒരു 'ശലഭക്കാവ്' നിർമിക്കും. ഇത്തരം കാവുകളുടെ ശൃംഖല സൃഷ്ടിക്കുകയുമാണ് ആദ്യപടി. എല്ലാ ശലഭങ്ങളുടെയും ആതിഥേയ സസ്യങ്ങൾ കാവിലുണ്ടാവും. ബുദ്ധമയൂരി, ചുട്ടിമയൂരി, പുള്ളിവാലൻ, ചുട്ടി കറുപ്പൻ, നാരകകാളി, ഗരുഡ ശലഭം, നാട്ടുറോസ്, ചക്കരശലഭം, നീല കടുവ, കരിനീല കടുവ എന്നീ പത്തു ശലഭങ്ങളെയാണ് പ്രാഥമിക ഘട്ടത്തിൽ തിരഞ്ഞെടുത്തിരിക്കുന്നത്.
സംസ്ഥാനശലഭമായ 'ബുദ്ധമയൂരി' ലോകത്ത് സഹ്യാദ്രി പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്നതാണ്. ഹരിതവത്കൃത പരിപാടികളുടെ ഭാഗമായോ അല്ലാതെയോ ലാർവഭക്ഷണസസ്യങ്ങൾ നട്ടുവളർത്താറില്ല. പാഴ്മരമായി കണക്കാക്കുന്ന ഇവ നമ്മുടെ നാട്ടിൽ അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. നാട്ടുറോസ്, ചക്കര ശലഭം, ഗരുഡശലഭം എന്നിവയുടെ ഗരുഡക്കൊടി അപൂർവമാണ്. കുറ്റിക്കാടുകളിൽ മറ്റു ചെടികളുടെയും വള്ളിപടർപ്പുകളുടെയും മറവിൽ ഒളിച്ചാണ് ഈ ചെടി മുളച്ചു വളരുക. മണം പിടിച്ചു വരുന്ന ശലഭങ്ങൾക്ക് ഇവയുടെ ഇലകണ്ടെത്താൻ കഴിയില്ല. മറ്റു മാർഗങ്ങളില്ലാതെ വരുമ്പോൾ ശലഭം മറ്റിലകളിൽ മുട്ട ഉപേക്ഷിച്ചു പോകുന്നു.
നമ്മുടെ നാട്ടിൽ കുറ്റിക്കാടുകളും ഇടനാടൻ കുന്നുകളും ചെങ്കൽ കുന്നുകളും നീലക്കടുവ ശലഭങ്ങളുടെ ആവാസസ്ഥലമാണ്. ഇവ അപ്പൂപ്പൻ താടി വള്ളിയിലാണ് മുട്ടയിടുക. വളരാൻ അനുവദിക്കാത്തതിനാൽ പൂവും കായും ഉണ്ടാവാറില്ല.അതിനാൽ ഇവയുടെ വിത്തുകളായ വലിയ അപ്പൂപ്പൻ താടികൾ ഇന്ന് അപൂർവമാണ്. അവയെ ആശ്രയിക്കുന്ന ശാലഭങ്ങളും ഇല്ലാതാവുന്നു. ശലഭത്താരക്കായി റൂട്ട് മാപ്പ് തയാറാക്കി സ്കൂളുകൾ മറ്റ് പൊതു സ്ഥാപനങ്ങൾ പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഈ ചെടികൾ നട്ട് വളർത്തുകയാണ് ലക്ഷ്യം. ഫോൺ: 9446587033.