മണിപ്പൂരിയിൽ അവർ പാടി, ‘ഓണം പൂയാ...’
text_fieldsതൃക്കരിപ്പൂർ സെന്റ് പോൾസിൽ ഓണം കൂടാനെത്തിയ ഇംഫാലിൽനിന്നുളള കുട്ടികൾ
തൃക്കരിപ്പൂർ: വിദ്യാലയമുറ്റത്ത് മലയാളിവേഷം ധരിച്ച് ഓണമുണ്ട് മണിപ്പൂർ സ്വദേശികളായ വിദ്യാർഥികൾ. തൃക്കരിപ്പൂർ സെന്റ് പോൾസ് എ.യു.പി സ്കൂളിലെ ഓണാഘോഷ പരിപാടികൾക്കാണ് അഞ്ച് മണിപ്പൂരി വിദ്യാർഥികൾ മുണ്ടും ടീ ഷർട്ടും ധരിച്ചെത്തിയത്.
മണിപ്പൂർ ഇംഫാൽ സ്വദേശികളായ ഏഴാംതരത്തിലെ ഐഫാബ, മേരാബ, യുഹംബ, നെൽസൺ, റോബിൻസൺ എന്നിവരാണ് ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കാനെത്തിയത്. വിവിധ കായിക ഇനങ്ങളിൽ മികവ് കാണിച്ച ഇവരിൽ ഐഫാബ സംസ്ഥാന സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ കോട്ടയം ജില്ല ടീമിന് വേണ്ടി മത്സരിച്ച് ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ട്രോഫി സ്വന്തമാക്കിയിരുന്നു.
ഫുട്ബാൾ, സെപക് താക്രോ, ബാൾ ബാഡ്മിന്റൺ, ഷട്ടിൽ, ഫാൻഡ്ബാൾ തുടങ്ങിയ ഗെയിമുകളിലും ഇവർ അഞ്ചുപേരും സജീവമാണ്. തെക്കെ ഇന്ത്യയിലെയും വടക്കെ ഇന്ത്യയിലെയും സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികൾ വർഷങ്ങളായി സ്കൂളിൽ പഠിച്ചുവരുന്നുണ്ടെങ്കിലും വടക്ക് കിഴക്ക് സംസ്ഥാനത്തെ കുട്ടികൾ ആദ്യമായാണ് സ്കൂളിലെത്തുന്നത്. സ്കൂളിലെ കായിക അധ്യാപകനായ എ.ജി.സി. അംലാദാണ് ഇവരുടെ പ്രചോദനം. സ്കൂൾ ഫുട്ബാൾ അക്കാദമിയിലെ കായിക താരങ്ങൾ കൂടിയാണ് മണിപ്പൂർ സ്വദേശികളായ വിദ്യാർഥികൾ.