ടെറസിൽനിന്ന് താഴേക്കുപതിച്ച മകളെ കോരിയെടുത്ത് മുസ്തഫ
text_fieldsമുസ്തഫ
തൃക്കരിപ്പൂർ: മരണമുനമ്പിൽനിന്ന് അവിശ്വസനീയമായി മകളെ കോരിയെടുത്തതിന്റെ അത്ഭുത നിമിഷങ്ങളിൽനിന്ന് മുസ്തഫയെന്ന വയോധികൻ ഇപ്പോഴും മുക്തനായിട്ടില്ല.
ടെറസിൽനിന്ന് തന്നേക്കാൾ ഭാരമുള്ള നാൽപതുകാരി മകൾ ബോധമറ്റുവീഴുമ്പോൾ താഴെ നിൽക്കുകയായിരുന്ന അയാൾ എല്ലാം മറന്ന് കുഞ്ഞിനെയെന്നപോലെ കൈകളിൽ താങ്ങി രക്ഷപ്പെടുത്തുകയായിരുന്നു.
മകൾ വീണിരുന്നുവെങ്കിൽ എന്താവുമായിരുന്നുവെന്ന ഞെട്ടൽ ഇപ്പോഴും ഇദ്ദേഹത്തെ വിട്ടുപോയിട്ടില്ല. തൃക്കരിപ്പൂർ കാരോളം മൈതാനി കണ്ണമംഗലം കഴകത്തിന് സമീപത്തെ വീട്ടിലാണ് സംഭവം. വീടിന്റെ ടെറസിൽ സൂക്ഷിച്ച ഏണിയെടുക്കാൻ മുകളിലേക്ക് കയറിയതായിരുന്നു പിലാക്കൽ മുസ്തഫയുടെ (64) മകൾ മൻസൂറ. താഴെ കാത്തുനിന്ന പിതാവിന്റെ കൈകളിലേക്ക് ഏണി നീട്ടിക്കൊടുത്തു. ഏണി കിട്ടിയപ്പോൾ മകളോട് പിടിവിട്ടോളാൻ പറഞ്ഞു.
തിരിഞ്ഞുനടക്കാൻ തുടങ്ങുന്നതിനിടയിൽ തലകറക്കം അനുഭവപ്പെട്ട മൻസൂറ ടെറസിൽനിന്ന് താഴേക്ക് പതിക്കുകയായിരുന്നു. ഭാരമുള്ള ഏണി കൈയിൽ പിടിച്ചുനിൽക്കുകയായിരുന്ന മുസ്തഫ നൊടിയിടയിൽ ഏണി ഒരുഭാഗത്തേക്ക് തള്ളിയിട്ട് താഴേക്കു പതിക്കുകയായിരുന്ന മകളെ കോരിയെടുക്കുകയായിരുന്നു.
തന്നേക്കാൾ ഭാരക്കുറവുള്ള മകളെ താങ്ങിപ്പിടിക്കുന്നതിനിടെ മുസ്തഫ താഴേക്കിരുന്നത് രക്ഷാപ്രവർത്തനത്തിൽ നിർണായകമായി. ഇദ്ദേഹത്തിന്റെ കാൽമുട്ടിലാണ് മകളുടെ തലയിടിച്ചത്. ശബ്ദംകേട്ട് വീട്ടിനകത്തായിരുന്ന മൻസൂറയുടെ ഉമ്മ ഓടിയെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചു. ഏണിയിലേക്ക് വീഴാതിരുന്നതും വലിയ അപകടം ഒഴിവാക്കി. ഉപ്പക്കും മകൾക്കും വിരലുകളിൽ തുന്നലുണ്ട്.