ദേശീയ ഗെയിംസ് ഫുട്ബാൾ: ആദിലും ജ്യോതിഷും കേരള ടീമിൽ
text_fieldsആദിൽ, ജ്യോതിഷ്
തൃക്കരിപ്പൂർ: ഈ മാസം 30 മുതൽ ഫെബ്രവരി 14 വരെ ഉത്തരാഖണ്ഡിൽ നടക്കുന്ന നാഷനൽ ഗെയിംസ് ദേശീയ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിൽ ജില്ലയിൽ നിന്ന് രണ്ടുപേർ പങ്കെടുക്കും. മധ്യനിരയിൽ തൃക്കരിപ്പൂർ നടക്കാവിലെ പി. ആദിൽ, മുന്നേറ്റ നിരയിൽ എടാട്ടുമ്മൽ സ്വദേശി യു.വി. ജ്യോതിഷ് എന്നിവരാണ് ടീമിന്റെ ഭാഗമാകുന്നത്. ഇവർക്ക് പുറമെ അസിസ്റ്റന്റ് കോച്ചായി ഒളവറ സ്വദേശി ശസിൻ ചന്ദ്രനും ടീമിലുണ്ട്. തൃശൂർ മാജിക് എഫ്.സിക്ക് വേണ്ടി കേരള സൂപ്പർ ലീഗ് കളിച്ചു. മികച്ച യുവതാരത്തിനുള്ള കെ.എഫ്.എ പുരസ്കാരം നേടി.
20 വയസ്സിന് താഴെയുള്ള ആദിൽ അന്തർ ജില്ല ടൂർണമെന്റിലെ സംസ്ഥാനത്തെ ഏറ്റവും മികച്ച കളിക്കാരനാണ്. പയ്യന്നൂർ കോളജിൽ ബി.ബി.എ മൂന്നാംവർഷ വിദ്യാർഥിയായ ആദിൽ, സി. മുരളി-പി. നിത്യ ദമ്പതിമാരുടെ മകനാണ്. പയ്യന്നൂർ കോളജ് ബി.എ. പൊളിറ്റിക്കൽ സയൻസ് രണ്ടാം വർഷ വിദ്യാർഥിയാണ് ജ്യോതിഷ്. കേരള ബ്ലാസ്റ്റേഴ്സ് അണ്ടർ 19 ടീമിനെ പ്രതിനിധീകരിച്ചു. പ്രീമിയർ ലീഗിൽ ബാസ്കോ ഒതുക്കുങ്ങലിന് കളിച്ചു. ഇന്റർ ഡിസ്ട്രിക്റ്റ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ നാലുവർഷം ജില്ലയെ പ്രതിനിധീകരിച്ചു. രണ്ടുവർഷം സന്തോഷ് ട്രോഫി ക്യാമ്പിൽ പങ്കെടുത്തു. യു.ഹരീഷ് -കെ.വി.സുധ ദമ്പതിമാരുടെ മകനാണ്.