രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം; നടപ്പാത നിർമാണം പുനരാരംഭിച്ചു
text_fieldsതൃക്കരിപ്പൂർ: നടക്കാവിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്തെ നടപ്പാത നിർമാണത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ തീരുമാനമായി. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ ടി. ഷാജി, അസി. എക്സിക്യൂട്ടിവ് എൻജിനീയർ എസ്. ശ്രീനിത് കുമാർ, അസി. എൻജിനീയർ പി. മധു എന്നിവർ സ്ഥലം സന്ദർശിച്ച് മാറ്റം വരുത്താൻ കരാറുകാർക്ക് നിർദേശം നൽകിയത്.
റോഡിനോട് ചേർന്നുള്ള കോൺക്രീറ്റ് തിട്ട നീക്കം ചെയ്യും. പകരം ഓവുചാലിനോട് ചേർന്ന് മറ്റൊരെണ്ണം നിർമിക്കും. ഇതോടെ റോഡിൽനിന്ന് നടപ്പാതയിലേക്കുള്ള അകലം രണ്ടര മീറ്ററായി വർധിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇപ്പോഴുള്ളതിനെക്കാൾ സൗകര്യപ്രദമായ നടപ്പാതയാണ് നിർമിക്കുക.
റോഡിനും സ്റ്റേഡിയത്തിന്റെ ചുറ്റുമതിലിനുമിടയിൽ ഏഴു മീറ്ററോളം വീതിയിലുള്ള സ്ഥലം രണ്ടായി പകുത്ത് നിർമാണം ആരംഭിച്ചപ്പോൾ സ്റ്റേഡിയത്തിലേക്കുള്ള വാഹന പാർക്കിങ്ങിന് തടസമാക്കുമെന്ന് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് എം. രാജഗോപാലൻ എം.എൽ.എയുടെ ഓഫിസ് ഇടപെട്ട് പ്രവൃത്തി നിർത്തിവെപ്പിച്ചു.
പൂജ അവധി കഴിഞ്ഞ് ചൊവ്വാഴ്ച ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയാണ് തീരുമാനം കൈക്കൊണ്ടത്. ഒളവറ തൃക്കരിപ്പൂർ കാലിക്കടവ് പാതയിൽ തടിയൻ കൊവ്വലിലാണ് 15 സെന്റിമീറ്റർ ഉയരത്തിൽ കോൺക്രീറ്റ് നടപ്പാത ഒരുക്കുന്നത്. റോഡിൽനിന്ന് ഒരുമീറ്റർ മാറി കോൺക്രീറ്റ് നിർമാണം ആരംഭിച്ചത് പരാതിക്കിടയാക്കിയിരുന്നു. സമീപത്ത് സമാന്തരമായി രണ്ടാമത്തെ കോൺക്രീറ്റ് നിർമാണം ആരംഭിച്ചപ്പോഴാണ് ഇതിന്റെ പ്രയാസം വ്യക്തമായത്.
ടർഫിന്റെ ചുറ്റുമതിലിനോട് ചേർന്ന് ഓവുചാൽ നിലവിലുണ്ട്. ഇതിന് മുകളിലായി നടപ്പാത നിർമിക്കുന്നതായിരുന്നു അഭികാമ്യം. വിവിധ റീച്ചുകളിലായി ഒന്നര കിലോമീറ്റർ ദൈർഘ്യത്തിലാണ് നടപ്പാത നിർമിക്കുന്നത്. ഒളവറ തൃക്കരിപ്പൂർ കാലിക്കടവ് റോഡ് അഭിവൃദ്ധിയുടെ ഭാഗമായി അനുവദിച്ച ഫണ്ടുപയോഗിച്ചാണ് പ്രവൃത്തി നടത്തുക. സംസ്ഥാന-ദേശീയ മത്സരങ്ങൾക്ക് വേദിയാകുന്ന സംസ്ഥാനത്തെ രണ്ടാമത്തെ ഇൻഡോർ സ്റ്റേഡിയമാണ് ഇവിടെയുള്ളത്. ഇതിന് വേറെ പാർക്കിങ് സൗകര്യമില്ല.