ഫുട്ബാൾ ആവേശം വാനോളം
text_fieldsഖാൻ സാഹിബ് ട്രോഫി സെവൻസ് ഫുട്ബാളിന്റെ ആകാശക്കാഴ്ച
തൃക്കരിപ്പൂർ: ഗവ. ഹൈസ്കൂൾ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന ഖാൻ സാഹിബ് ട്രോഫി എസ്.എഫ്.എ അംഗീകൃത ഫ്ലഡ് ലിറ്റ് സെവൻസ് ഫുട്ബാളിന് വൻ പങ്കാളിത്തം.തൃക്കരിപ്പൂർ ടൗൺ എഫ്.സിയാണ് ടൂർണമെന്റ് സംഘടിപ്പിച്ചിട്ടുള്ളത്. ക്ലബിന്റെ യു.എ.ഇ ചാപ്ടർ ഏർപ്പെടുത്തിയ 3,33,333 രൂപയാണ് പ്രൈസ് മണി.
കാണികളുടെ നിറസാന്നിധ്യത്തിലാണ് പ്രീക്വാർട്ടർ മത്സരങ്ങൾ കടന്നുപോയത്. ജീവകാരുണ്യമേഖലയിൽ സജീവമായ ക്ലബ് മത്സരത്തിന്റെ ഇടവേളകളിൽ വിവിധ സാമ്പത്തിക സഹായങ്ങൾ കൈമാറിവരുന്നു. തത്സമയ ഫുട്ബാളിൽ റഫറിയിങ്ങിൽ വിപ്ലവകരമായ കൃത്യത പകരുന്ന നൂതന ‘വിഡിയോ അസിസ്റ്റന്റ് റഫറി’ -വാർ സംവിധാനം ഇവിടെ പ്രയോജനപ്പെടുത്തി. സെവൻസ് ഫുട്ബാളിൽ ആദ്യമായാണ് വാർ സിസ്റ്റം സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത്. ടീമുകൾ അപ്പീൽ നൽകുമ്പോൾ വാർ അമ്പയർ കളി വിഡിയോയിൽ വിശകലനം ചെയ്ത് ഫലം പ്രഖ്യാപിക്കുന്നത് തർക്കങ്ങളില്ലാതെ ടൂർണമെന്റ് നടത്താൻ സഹായകമായി.
എസ്.എഫ്.എ റഫറിമാരായ അസ്ലം വടകര, വിനീത് കുമാർ വാർ ചെക്കിങ് നടത്തി ചരിത്രത്തിന്റെ ഭാഗമായി. അമ്പയർമാരുടെ കണ്ണിൽപെടാതെ പോകുന്ന പിശകുകൾ വാർ പിടികൂടും.