വെർച്വൽ ലോകത്ത് ഡേറ്റിങ് ആപ്പുകൾ കൗമാരക്കാർക്കായി വലവിരിക്കുന്നു
text_fieldsപ്രതീകാത്മക ചിത്രം
തൃക്കരിപ്പൂർ: കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിലെ ഒരുസ്കൂളിൽ അധ്യാപക-രക്ഷാകർതൃസമിതി യോഗത്തിനെത്തിയ മാതാവ് തന്റെ മകനിലുണ്ടായ മാറ്റം കണ്ണീരോടെ അധ്യാപകനോട് പങ്കുവെച്ചു. ഓൺലൈൻ ഗെയിമിങ് അടിപ്പെട്ട മകൻ ഫോണിൽനിന്ന് തലയുയർത്താറില്ല. കളിയിൽ അവൻ ഉപയോഗിക്കുന്ന ‘ആയുധങ്ങൾ’ക്ക് മാതാവിന്റെ ഫോണിൽനിന്ന് മാസംതോറും ചെലവഴിക്കുന്നത് 3500 രൂപ. കൂലിത്തൊഴിലാളിയായ അമ്മക്ക് ഇത് താങ്ങാവുന്നതിലും ഏറെയായിരുന്നു. ബാങ്കിൽനിന്ന് നിശ്ചിത തീയതിക്ക് തുക ഡെബിറ്റ് ചെയ്യുന്നതരത്തിൽ ആ ഒമ്പതാം ക്ലാസുകാരൻ മൊബൈൽ വഴി ഇത് സജ്ജീകരിച്ചിരുന്നു.
ചുരുങ്ങിയത് 18 വയസ്സുള്ളവർക്കാണ് ഡേറ്റിങ് ആപ്പുകൾ ഉപയോഗിക്കാൻ അനുവാദമുള്ളത്. കുട്ടികൾ തെറ്റായവിവരങ്ങൾ ചേർത്താണ് ആപ്പുകളിൽ എത്തുന്നത്. ലൊക്കേഷൻ ഉപയോഗിച്ച് പരിസരപ്രദേശങ്ങളിലുള്ള ഇരകളെ കണ്ടെത്താന് ആപ്പിന് സാധിക്കും. വ്യക്തിഗത വിവരങ്ങൾ വിശകലനം ചെയ്ത് താൽപര്യമുള്ള മേഖലകൾ ചൂണ്ടിക്കാട്ടും. ഹോബി, പ്രായം, ലിംഗം തുടങ്ങിയവയാണ് ഇതിന് ആധാരം. വികസിതരാജ്യങ്ങളിൽ ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്ന കൗമാരക്കാരെ നിരീക്ഷിക്കാനും അവർ അനുചിത ഉള്ളടക്കങ്ങൾ കാണുന്നില്ലെന്ന് ഉറപ്പുവരുത്താനും സംവിധാനമുണ്ട്.
അപരിചിതരായ ആളുകളുമായി വിഡിയോ ചാറ്റ് ‘സൗഹൃദം’ സാധ്യമാക്കുന്ന മങ്കി ആപ് ഓൺലൈൻ സ്റ്റോറിൽനിന്ന് ആപ്പിൾ നീക്കം ചെയ്തിരുന്നു. കുട്ടികൾ മുതിർന്ന ആളുകളുടെ വലയത്തിൽ അകപ്പെടുന്ന സാഹചര്യമാണ് പലപ്പോഴുമുണ്ടാകുന്നത്. കുറ്റകൃത്യ വാസനയുള്ളവരാണ് ഭാഷക്കും ചേഷ്ഠകൾക്കും നിയന്ത്രണമില്ലാത്ത ഇത്തരം ആപ്പുകളുടെ ഉപഭോക്താക്കൾ. പണം കൊടുത്ത് ഉപയോഗിച്ചുതുടങ്ങിയാൽ കൂടുതൽ മേഖലകൾ പ്രാപ്യമാകുന്നു.
പിന്നീട് ഇതുവഴി പണമുണ്ടാക്കാനുള്ള സാധ്യതകളും തുറന്നിടുന്നു. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ പോക്സോ കേസിലും ഒന്നിലേറെ ഡേറ്റിങ് ആപ്പുകൾ ഉപയോഗിച്ചുവെന്നാണ് അറിയുന്നത്. വീട്ടിലെത്തിയ ‘ഗുണഭോക്താവ്’ വാതിൽ തുറന്ന് ഓടിപ്പോകുന്നതാണ് മാതാവ് കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുകയായിരുന്നു.


