അയാൾ നായനാരോട് പറയാനിരുന്ന ഞെട്ടിക്കുന്ന വാർത്ത എന്തായിരുന്നു?
text_fieldsഎ.കെ.ശ്രീധരൻ മാസ്റ്റർ
തൃക്കരിപ്പൂർ:1987ൽ തൃക്കരിപ്പൂരിൽനിന്ന് ഇ.കെ.നായനാർ നിയമസഭയിലേക്ക് മത്സരിക്കുകയാണ്. പ്രചാരണം അവസാനഘട്ടത്തിൽ എത്തിനിൽക്കുന്നു. അന്ന് തൃക്കരിപ്പൂർ വെള്ളാപ്പ് റോഡിലുള്ള പാർട്ടിയുടെ ഏരിയ കമ്മിറ്റി ഓഫിസിൽ അവലോകനവും തുടർന്നുള്ള ദിവസങ്ങളിലെ പരിപാടികളും ആസൂത്രണം ചെയ്യുകയാണ് പ്രവർത്തകർ.
എ.ബി.ഇബ്രാഹിം മാസ്റ്ററുടെ നേതൃത്വത്തിലാണ് ആലോചനകൾ. വൈകീട്ട് ഏതാണ്ട് നാലുമണിയായിക്കാണും. ആരോഗദൃഢഗാത്രനായ ഒരു കാഷായധാരി പാർട്ടി ഓഫിസിലേക്ക് കയറിവരുന്നു. സാധാരണനിലയിൽ അങ്ങനെയൊരാൾ ഓഫിസിലേക്ക് വരേണ്ട കാര്യമില്ലല്ലോ എന്നോർത്താണ് ലോക്കൽ കമ്മിറ്റിയംഗം എ.കെ.ശ്രീധരൻ മാസ്റ്റർ ആ മനുഷ്യനെ ശ്രദ്ധിച്ചത്. തലമുണ്ഡനം ചെയ്ത അയാൾ വിലകൂടിയ കാഷായവേഷമാണ് അണിഞ്ഞിരുന്നത്. നാൽപതിനോടടുത്ത പ്രായം. നായനാരെ കാണുക എന്നുള്ളതാണ് ആഗതെൻറ ഉദ്ദേശ്യം.
ആവർത്തിച്ചാവർത്തിച്ച് ചോദിച്ചപ്പോൾ, കേരളം ഞെട്ടുന്ന ഒരു വിവരം തെൻറ കൈയിലുണ്ടെന്ന് അയാൾ പറഞ്ഞു. ഫിലിം റപ്രസെേൻററ്റിവ് ചാക്കോ വധക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് എവിടെയുണ്ടെന്ന് തനിക്കറിയാമെന്നും കോളിളക്കമുണ്ടാക്കുന്ന സംഗതിയായതിനാൽ നായനാരോട് നേരിട്ടുമാത്രമേ രഹസ്യം വെളിപ്പെടുത്തുകയുള്ളൂവെന്നും പറഞ്ഞ് അയാൾ പടിയിറങ്ങി.അന്ന് കരിവെള്ളൂരിലുള്ള മണ്ഡലം കമ്മിറ്റി ഓഫിസിലായിരുന്നു നായനാർ. നായനാരെ കാണാൻ പുറപ്പെട്ട കാഷായധാരി പക്ഷേ, ഒരിക്കലും അദ്ദേഹത്തെ ക ണ്ടില്ല. ആ മുഖം ഇന്നും മായാതെ മനസ്സിലുണ്ടെന്ന് 71 കാരനായ ശ്രീധരൻ മാസ്റ്റർ പറയുന്നു.
മധ്യകേരള ശൈലിയിലായിരുന്നു സംസാരിച്ചത്. 1984ലാണ് ചാക്കോയെ സുകുമാരക്കുറുപ്പിെൻറ അംബാസഡർ കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മൂന്നുവർഷത്തിനുശേഷമാണ് കുറുപ്പിനെ കുറിച്ചുള്ള വിവരങ്ങൾ ഉണ്ടെന്ന അവകാശവുമായി ഈ മനുഷ്യൻ കടന്നുവന്നത്. സ്വന്തം പേരിലുള്ള ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ തന്നെപ്പോലുള്ള ഒരാളെ കണ്ടെത്തി കൊന്ന് കത്തിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. പിന്നീട് സുകുമാരക്കുറുപ്പിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. കൂട്ടുപ്രതികളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
37 വർഷങ്ങൾക്കിപ്പുറം കുറുപ്പിെൻറ ജീവിതം ആസ്പദമാക്കി ദുൽഖർ സൽമാൻ മുഖ്യവേഷത്തിലെത്തുന്ന സിനിമ ഈ വർഷം പ്രദർശനത്തിനെത്തുന്നുണ്ട്.