ഭർതൃവീട്ടിൽ യുവതി മരിച്ച സംഭവം: മനുഷ്യാവകാശ കമീഷന് പരാതി
text_fieldsഉദുമ: ബന്തടക്കയിലെ കരിവേടകത്ത് ഭർതൃവീട്ടിൽ യുവതി തുങ്ങിമരിച്ച സംഭവത്തിൽ പിതാവ് പള്ളിക്കരയിലെ പള്ളിപ്പുഴ ഹൗസിൽ എൻ.പി. മുഹമ്മദ് ദൂരൂഹതയുണ്ടെന്നുകാണിച്ച് മനുഷ്യാവകാശ കമീഷന് പരാതി നൽകി. ഡിസംബർ അഞ്ചിനാണ് മുഹ്സിന തൂങ്ങിമരിച്ചതായി അഷ്കറിന്റെ വീട്ടുകാർ അറിയിച്ചത്.
2020ലാണ് മുഹ്സിന കരിവേടത്തെ അഷ്കറിനെ വിവാഹം ചെയ്തത്. കല്യാണസമയത്ത് 20 പവന്റെ ആഭരണങ്ങൾ നൽകിയിരുന്നു. ഇവർക്ക് രണ്ട് വയസ്സുള്ള പെൺകുട്ടിയുണ്ട്. ഭർത്താവ് പല പ്രാവശ്യം പണം ചോദിച്ച് ബുദ്ധിമുട്ടിച്ചതായും അഷ്കർ, അഷ്കറിന്റെ പിതാവ് ടി. ഇബ്രാഹിം, ഉമ്മ ആയിഷ എന്നിവർ ശാരീരികമായും മാനസികമായും മകളെ ബുദ്ധിമുട്ടിച്ചതായും മുഹ്സിനയുടെ പിതാവ് മുഹമ്മദ് പറഞ്ഞു.
കഴിഞ്ഞ നാലിന് മകൾ മുഹ്സിന ഭർത്താവിന്റെ ഫോണിൽനിന്ന് വിളിച്ച് ജീവന് ഭീഷണിയുണ്ടെന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകണമെന്നും പറഞ്ഞിരുന്നതായും മുഹമ്മദ് പരാതിയിൽ പറഞ്ഞു.
മുഹ്സിന ഒരിക്കലും ആത്മഹത്യ ചെയ്യില്ല. മകളെ അഷ്കറും മാതാപിതാക്കളും കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നുവെന്നും മനുഷാവകാശ കമീഷന് നൽകിയ പരാതിയിൽ പറയുന്നു. മുമ്പ് ബേക്കൽ ഡിവൈ.എസ്.പിക്ക് പിതാവ് പരാതി നൽകിയിരുന്നു.