കുമ്പള റെയിൽവേ സ്റ്റേഷൻ കെ.എസ്.ആർ.ടിസി ബസ് സ്റ്റോപ്; തീരുമാനം നടപ്പായില്ല
text_fieldsകെ.എസ്.ആർ.ടി.സി ബസുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന കുമ്പള റെയിൽവേ സ്റ്റേഷൻ സർവിസ് റോഡ്
ഉപ്പള: കുമ്പള റെയിൽവേ സ്റ്റേഷന് മുന്നിൽ കെ.എസ്.ആർ.ടി.സി ബസുകൾക്ക് സ്റ്റോപ്പനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം താലൂക്ക് വികസന സമിതിയിലെടുത്ത തീരുമാനം പ്രാബല്യത്തിൽ വരുത്താത്തതിൽ പ്രതിഷേധമറിയിച്ച് താലൂക്ക് വികസന സമിതി അംഗം താജുദ്ദീൻ മൊഗ്രാൽ തഹസിൽദാർക്ക് പരാതി നൽകി. ഈ വിഷയം നേരത്തെ താജുദ്ദീൻ മൊഗ്രാലാണ് താലൂക്ക് വികസനസമിതി യോഗത്തിൽ ആവശ്യപ്പെട്ടിരുന്നത്. പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കാൻ അന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു.
എന്നാൽ, നാളിതുവരെയായി തീരുമാനം പ്രാബല്യത്തിൽ കൊണ്ടുവരാൻ കഴിയാത്തതിൽ യാത്രക്കാർക്കുണ്ടാകുന്ന പ്രയാസം ചൂണ്ടിക്കാട്ടിയാണ് വീണ്ടും താജുദ്ദീൻ മൊഗ്രാൽ തഹസിൽദാർക്ക് പരാതി നൽകിയത്.നിലവിൽ കുമ്പള ഗ്രാമപഞ്ചായത്ത് ടൗണിൽ ട്രാഫിക് പരിഷ്കരണം നടപ്പാക്കിയശേഷം കുമ്പള ബസ് കാത്തിരിപ്പുകേന്ദ്രവും റെയിൽവേ സ്റ്റേഷനും തമ്മിൽ 1.3 കിലോമീറ്റർ കൂടുതൽ ദൂരപരിധിയുണ്ട്.
ഇത് കെ.എസ്.ആർ.ടി.സി ബസിൽ കുമ്പളയിൽ ട്രെയിൻ കയറാൻ വരുന്ന യാത്രക്കാർക്ക് സ്റ്റേഷൻ പരിസരത്ത് സ്റ്റോപ്പില്ലാത്തതിനാൽ ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്. ഓട്ടോ പിടിച്ച് റെയിൽവേ സ്റ്റേഷനിലെത്തേണ്ട അവസ്ഥയാണ് ഇപ്പോൾ യാത്രക്കാർക്കുള്ളത്. അതുകൊണ്ടുതന്നെ താലൂക്ക് വികസനസമിതി നേരത്തെയെടുത്ത തീരുമാനം എത്രയുംപെട്ടെന്ന് പ്രാബല്യത്തിൽ വരുത്താൻ നടപടി സ്വീകരിക്കണമെന്നാണ് താജുദ്ദീൻ മൊഗ്രാൽ തഹസിൽദാർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
അതിനിടെ മഞ്ചേശ്വരം, കാസർകോട് താലൂക്ക് വികസനസമിതിയിൽ എടുക്കുന്ന തീരുമാനങ്ങൾ നടപ്പാകുന്നില്ലെന്നും കാലതാമസം എടുക്കുന്നുവെന്നുള്ള ആക്ഷേപം നേരത്തെ തന്നെ വികസന സമിതി അംഗങ്ങൾക്കുണ്ട്. ഇത് പലപ്പോഴും യോഗങ്ങളിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടിയതുമാണ്. എടുക്കുന്ന നടപടികൾക്ക് വേഗമുണ്ടാകണമെന്നാണ് ആവശ്യം.


