പെട്രോൾ പമ്പുകളിൽ പരിശോധന
text_fieldsഒടയംചാലിലെ എ.കെ. ഫ്യുവല്‍സ് പെട്രോള്‍ പമ്പില്‍ വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ
ഓഫിസറും റേഷനിങ് ഇന്‍സ്പെക്ടറും പരിശോധന നടത്തുന്നു
വെള്ളരിക്കുണ്ട്: താലൂക്ക് സിവിൽ സപ്ലൈസ് ഓഫിസറുടെ നേതൃത്വത്തിൽ പെട്രോൾ പമ്പുകൾ പരിശോധിച്ചു. പമ്പുകളിൽ ഉപഭോക്താക്കൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ശ്രദ്ധയിൽപ്പെട്ടു. കുടിവെള്ളം, പ്രഥമ ശുശ്രൂക്ഷ കിറ്റ്, ചക്രങ്ങൾക്ക് സൗജന്യ വായു, വൃത്തിയുള്ളതും അടച്ചുറപ്പുള്ളതുമായ ടോയ്ലറ്റ്, ഇന്ധന ഗുണമേന്മ പരിശോധിക്കുന്നതിനുള്ള സൗകര്യം എന്നിവ നിർബന്ധമായും ഉണ്ടാവണമെന്ന് അറിയിച്ചു.
കൂടാതെ, പരാതി പുസ്തകം, സെയിൽസ് ഓഫിസറുടെ വിലാസം ഫോൺ നമ്പർ എന്നിവയും വേണം. നോസിലിൽ നിന്നുള്ള ഇന്ധനത്തിന്റെ യഥാർഥ അളവ് പരിശോധിക്കാനായി അളവ് തൂക്ക വകുപ്പ് മുദ്രണം ചെയ്ത അഞ്ച് ലിറ്ററിന്റെ പാത്രം ഉപഭോക്താവ് ആവശ്യപ്പെട്ടാൽ നൽകണം. ഈ സൗകര്യങ്ങൾ ലഭ്യമാണ് എന്നത് ഉപഭോക്താക്കൾ എളുപ്പത്തിൽ കാണുന്ന സ്ഥലത്ത് ബോർഡിൽ എഴുതി വെക്കണം.
മുഴുവൻ പമ്പുകളിലും പരാതി പുസ്തകം സൂക്ഷിക്കേണ്ടതും നിർബന്ധമായും ഉപഭോക്താക്കൾക്ക് കാഷ് ബിൽ നൽകേണ്ടതുമാണ്. ക്രമക്കേടുകൾ കണ്ടെത്തിയാൽ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കും. കാലാവധിയുള്ള ഫയർ എക്സ്റ്റിങ്ഷറും ആയത് പ്രവർത്തിക്കാൻ പരിശീലനം നേടിയ ജീവനക്കാരും വേണം. ഒടയംചാലിലെ എ.കെ. ഫ്യൂവൽസ് പെട്രോൾ പമ്പിലും താലൂക്ക് സപ്ലൈ ഓഫിസറും റേഷനിങ് ഇൻസ്പക്ടറും അടങ്ങുന്ന സംഘം പരിശോധന നടത്തി. പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫിസർ ടി.സി. സജീവൻ, റേഷനിങ് ഇൻസ്പെക്ടർ ജാസ്മിൻ കെ ആന്റണി, കെ. സവിദ് കുമാർ എന്നിവർ പങ്കെടുത്തു.
കണ്ടെത്തുന്ന ക്രമക്കേടുകൾ മേൽ നടപടികൾക്കായി റിപ്പോർട്ട് ചെയ്യുമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.