കവര്‍ച്ച കേസിലെ പ്രതികള്‍ എം.ഡി.എം.എയുമായി അറസ്റ്റില്‍
text_fieldsപിടിയിലായ പ്രതികൾ
എടക്കര: യുവാവിനെ സൗഹൃദം നടിച്ച് തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസിലെ പ്രതികൾ എം.ഡി.എം.എയുമായി പൊലീസിന്റെ പിടിയിൽ. വഴിക്കടവ് കാരക്കോട് ആനപ്പാറ ഇന്‍ഷാദ് (26), വഴിക്കടവ് പഞ്ചായത്തങ്ങാടി അമീര്‍ സുഹൈല്‍ (25) എന്നിവരെയാണ് എടക്കര ഇൻസ്പെക്ടർ എന്‍.ബി. ഷൈജുവിന്റെ നേതൃത്വത്തില്‍ ഡാന്‍സാഫ് ടീമംഗങ്ങള്‍ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ച ഒന്നോടെ പ്രതികള്‍ കാറില്‍ സഞ്ചരിക്കവെ മുപ്പിനിയിലായിരുന്നു അറസ്റ്റ്. പ്രതികളുടെ കാര്‍ തടഞ്ഞ് പരിശോധിച്ചപ്പോള്‍ വില്പനക്കായി കരുതിയിരുന്ന രണ്ട് ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. 10 പാക്കറ്റുകളിലായാണ് എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്.
രണ്ടാഴ്ച മുമ്പാണ് എടക്കരയിലെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവിനെ പ്രതികള്‍ സൗഹൃദം നടിച്ച് പരിചയപ്പെട്ടത്. രണ്ടുദിവസം മുമ്പ് ജീവനക്കാരൻ ഗൂഡല്ലൂരിലേക്ക് പോകാന്‍ ബസ് കാത്തുനില്ക്കുമ്പോള് പ്രതികള്‍ ഇയാളെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി.
നാടുകാണിയില്‍ പൊലീസ് പരിശോധന ഉള്ളതിനാല്‍ താമരശ്ശേരി വഴി ഗൂഡല്ലൂരിലേക്ക് പോകാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയും ഇടക്ക് മദ്യം വാങ്ങി നിര്‍ബന്ധിച്ച് കുടിപ്പിക്കുകയും ചെയ്തു. രാത്രി കോഴിക്കോട് ചേവായൂരിലെ ലോഡ്ജില്‍ മുറിയെടുത്ത പ്രതികള്‍ അവിടെവെച്ചും മദ്യം നല്കി. മദ്യലഹരിയില്‍ മയങ്ങിയ പരാതിക്കാരന്റെ രണ്ടര ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാലയും മൊബൈല്‍ ഫോണും പ്രതികള്‍ കവര്‍ന്നു. പൊലീസില്‍ പരാതി നല്‍കാമെന്ന് പറഞ്ഞെങ്കിലും പ്രതികള്‍ ഇയാളെ പിന്തിരിപ്പിച്ചു. തുടര്‍ന്ന് അരീക്കോട് ബസ് സ്റ്റാൻഡില്‍ ഇറക്കിവിടുകയായിരുന്നു. എടക്കരയിലെത്തിയ യുവാവ് പൊലീസില്‍ പരാതി നല്കി.
നിലമ്പൂര്‍ ഡിവൈ.എസ്.പി സജു കെ. എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. മോഷണം പോയ മാലയും ഫോണും പ്രതികളില്‍നിന്ന് കണ്ടെടുത്തു. ആഡംബരജീവിതത്തിനും മയക്കുമരുന്നിനും പണം കണ്ടെത്താന്‍ വേണ്ടിയാണ് കവര്‍ച്ച നടത്തിയതെന്ന് പ്രതികള്‍ മൊഴി നല്കി. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് കേസിന് പുറമെ യുവാവിനെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചതിനും കവര്‍ച്ച ചെയ്തതിനും മറ്റൊരു കേസും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.