‘ചൂണ്ടി’ കുരുക്ക്; ആലുവ-പെരുമ്പാവൂർ-കിഴക്കമ്പലം റോഡുകളിൽ ദുരിതയാത്ര
text_fieldsചൂണ്ടി കവലയിലെ കുരുക്ക് മൂലം പെരുമ്പാവൂർ റോഡിൽ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾ
എടത്തല: ആലുവയിൽനിന്നുള്ള പെരുമ്പാവൂർ, കിഴക്കമ്പലം റോഡുകളിൽ ഗതാഗതകുരുക്ക് ഒഴിയുന്നില്ല. ആലുവ, കിഴക്കമ്പലം, പെരുമ്പാവൂർ റോഡുകൾ സംഗമിക്കുന്ന ചൂണ്ടി കവലയിലെ കുരുക്കാണ് യാത്രക്കാർക്ക് ദുരിതമാകുന്നത്. മണിക്കൂറുകളോളമാണ് കുരുക്ക് നീളുന്നത്. അധികാരികൾ അത് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഈ റൂട്ടിലെ പ്രധാന കവലകളിൽ ഒന്നാണ് ചൂണ്ടി. കവലയുടെ മൂന്നു ഭാഗങ്ങളിൽനിന്നാണ് മൂന്ന് റോഡുകൾ വന്നെത്തുന്നത്. അതിനനുസരിച്ച് കവല വികസിപ്പിക്കൽ അനിവാര്യമാണ്. എന്നാൽ, വികസന പ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിലായതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ ഇടയാക്കിയത്.
ചൂണ്ടിയിലെ പുറമ്പോക്ക് ഭൂമിയിലെ കൈയേറ്റവും ചൂണ്ടി ബിവറേജ് ഗോഡൗണിലേക്ക് വരുന്ന വലിയ ലോറികൾ റോഡിന്റെ വശങ്ങളിൽ പാർക്ക്ചെയ്യുന്നതും ഗതാഗതക്കുരുക്കിനോടൊപ്പം അപകടങ്ങൾക്കും കാരണമാകുന്നു. പൊതുമരാത്ത് റോഡിൽ ഒരു ഭാഗം പെരിയാർവാലി കനാൽ ആയിരുന്നു.
എന്നാൽ, ഇപ്പോൾ കനാൽ തീരം കൈയേറി ഇറച്ചിക്കടകളും മറ്റും സ്ഥാപിച്ചതോടെ കാൽനടക്ക് പോലും സൗകര്യമില്ലാതെയായി. പലവട്ടം പെരിയാർ വാലി ഒഴിപ്പിക്കൽ നോട്ടീസ് നൽകിയിരുന്നെങ്കിലും രാഷ്ട്രീയ സ്വാധീനത്തിൽ എല്ലാം നിലച്ചു. ചില സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോഴാണ് പെരിയാർ വാലി കൈയേറ്റക്കാർക്ക് നോട്ടീസ് നൽകിയത്.
ആലുവ, പെരുമ്പാവൂർ, കിഴക്കമ്പലം എന്നീ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വാഹനങ്ങളാണ് കവലയിൽ സംഗമിക്കുന്നത്. എന്നാൽ, ഇത് ഉൾക്കൊള്ളാൻ കവലക്ക് കഴിയുന്നില്ല. ബസ് സ്റ്റോപ്പ് മാറ്റി സ്ഥാപിക്കാത്തതും പ്രതിസന്ധി തീർക്കുന്നു.
പെരുമ്പാവൂർ റൂട്ടിൽനിന്നും കിഴക്കമ്പലം റൂട്ടിൽനിന്നുമുള്ള ബസുകൾ സംഗമിക്കുന്നത് കവലയിലാണ്. ചൂണ്ടി കവലയിൽ ബസ് നിർത്തുന്ന സ്ഥലം രണ്ട് ഭാഗങ്ങളിലാക്കി മാറ്റിയാൽ ഗതാഗത തടസ്സം ഒരു പരിധിവരെ ഒഴിവാക്കാൻ കഴിഞ്ഞേക്കും. ആലുവയിൽനിന്ന് വരുന്ന ബസുകളുടെ സ്റ്റോപ്പുകളും ഇതനുസരിച്ച് മാറ്റണമെന്നും അഭിപ്രായമുണ്ട്. ചൂണ്ടിയോട് ചേർന്ന കൊച്ചിൻബാങ്ക് കവലയും കുരുക്ക് വർധിക്കാൻ ഇടയാക്കുന്നുണ്ട്.