കൊച്ചുകുഴി തണ്ണീർത്തടവും നെൽവയലും നികത്തുന്നു
text_fieldsനികത്തിക്കൊണ്ടിരിക്കുന്ന എടത്തല പഞ്ചായത്തിലെ കൊച്ചുകുഴി തണ്ണീർത്തടവും
നെൽവയലും
എടത്തല: പഞ്ചായത്തിലെ പ്രധാന തണ്ണീർത്തടവും നെൽവയലും മണ്ണിട്ട് നികത്തുന്നു. 12, 13 വാർഡുകളെ വേർതിരിക്കുന്ന കൊച്ചുകുഴി തണ്ണീർതടവും നെൽവയലുമാണ് നികത്തുന്നത്. പ്രദേശത്ത് കുടിവെള്ള ക്ഷാമത്തിനും വർഷകാലത്ത് വെള്ളക്കെട്ടിനും ഇത് കാരണമാകുമെന്ന് ജനങ്ങൾ ആശങ്കപ്പെടുന്നു.
തണ്ണീർത്തടത്തിൽ നിന്നും ആരംഭിച്ച് എൻ.എ.ഡി എസ്റ്റേറ്റിൽ കൂടി 19-ാം വാർഡ് വഴി കൊച്ചുകുഴി തോട്ടി കടന്നുപോകുന്നുണ്ട്. ഈ തോടിന് ഇരുവശത്തു കിടക്കുന്ന നെൽവയലിൽ വർഷത്തിൽ മൂന്ന് തവണ കൃഷി നടത്തിയിരുന്ന പ്രദേശമാണ്. ആലുവ ഈസ്റ്റ് വില്ലേജ് ബ്ലോക്ക് നമ്പർ 36 സർവെ നമ്പർ 264/9 മുതൽ 268/19 വരെയുള്ള നെൽവയൽ എട്ട് ഏക്കറോളം വിസ്തൃതിയുണ്ട്.
12-ാം വാർഡിന്റെറെയും 13-ാം വാർഡിന്റെയും കിഴക്ക് ഭാഗത്ത് 14-ാം വാർഡിലുള്ള തേക്കിലക്കാട് തണ്ണീർതടത്തിൽ നിന്നും ഒഴുകിവരുന്ന വെള്ളവും വർഷകാലങ്ങളിൽ ഉണ്ടാകുന്ന വെള്ളവും കൊച്ചുകുഴി തണ്ണീർതടത്തിൽ സംഭരിച്ചാണ് 12,13,19 വാർഡുകളിൽ മൂന്ന് പൂപ്പ് കൃഷി നടത്തിയിരുന്നത്. ഈ വാർഡുകളിലെ കുടിവെള്ള സ്രോതസാണിത്. പ്രദേശത്തെ തണ്ണീർത്തടവും നെൽവയലും വൻ കുത്തകകൾ സ്വന്തമാക്കിയിരുന്നു.
തുടർന്നാണ് കൃഷിഭൂമിയും തണ്ണീർതടവും മണ്ണീട്ട് നികത്താൻ ആരംഭിച്ചത്. നെൽവയൽ കുറെ ഭാഗം രാത്രികാലങ്ങളിൽ മണ്ണ് മാഫിയയുടെ നേതൃത്വത്തിൽ നികത്തിയിരിക്കുകയാണ്. തോടും ഇരുവശത്തുള്ള വഴിയും കയ്യേറി പൊതുജനത്തിന് തടസ്സമാകുന്ന രീതിയിൽ 12 അടി ഉയരത്തിൽ ഇരുമ്പുകുറ്റി സ്ഥാപിച്ചും ഇരുമ്പു ഷീറ്റു കൊണ്ട് മറച്ചു കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ 12, 13 വാർഡുകളിലെ വെള്ളാഞ്ഞി, മണലിമുക്ക് പ്രദേശത്തെ നാട്ടുകാർ ഫോർട്ട് കൊച്ചി ആർ.ഡി.ഒക്ക് പരാതി നൽകിയിട്ടുണ്ട്.