പുറത്തിറങ്ങാൻ പേടിയാകും! എടത്തലയിൽ തെരുവ് നായ് ശല്യം രൂക്ഷം
text_fieldsതേവക്കൽ ബാങ്ക് ഓഫ് ബറോഡയുടെ മുന്നിൽ തമ്പടിച്ചിരിക്കുന്ന തെരുവുനായ്ക്കൾ
എടത്തല: മേഖലയിൽ തെരുവ് നായ് ശല്യം രൂക്ഷമായി. എടത്തല പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും പഞ്ചായത്ത് അതിർത്തിയോട് ചേർന്ന മറ്റുചില പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ഉപദ്രവമുണ്ട്. മാലിന്യം തള്ളുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഇവ കൂടുതലായും തമ്പടിക്കുന്നത്. കുഴിവേലിപ്പടി, ഞാറക്കാട്ടുമൂല, മുകളാർകുടി, തേവക്കൽ തുടങ്ങിയ മേഖലകളിലാണ് ശല്യം രൂക്ഷം. അടുത്ത ദിവസമാണ് നായ്ക്കൂട്ടം സ്കൂട്ടറിന് പിന്നാലെ ഓടി യാത്രികനായ തേവയ്ക്കൽ നെല്ലിക്കൽ വീട്ടിൽ വിനോദിന്റെ കയ്യിൽ കടിച്ചത്.
നിരവധി സ്കൂളുകൾ ഉള്ള സ്ഥലമാണ് ഈ ഭാഗം. നിരവധി സ്കൂൾ കുട്ടികൾ നടന്നാണ് പോകുന്നത്. നായ്ക്കൾ റോഡിന് കുറുകെ ചാടുന്നത് മൂലം ഇരുചക്രവാഹന യാത്രക്കാർ മറിഞ്ഞുവീണ് പരിക്കേൽക്കുന്നുമുണ്ട്. എടത്തല പഞ്ചായത്തിലെ 10, 15 വാർഡ് ഉൾപ്പെടുന്ന പഞ്ചായത്ത് റോഡ് മുതൽ കെ.എം.ഇ.എ സ്കൂൾ വരെ ശല്യമുണ്ട്. ഞാറക്കാട്ടുമൂല, മുകളാർകുടി ഭാഗങ്ങളിലാണ് അക്രമകാരികളായ നായ്ക്കൾ തമ്പടിച്ചിരിക്കുന്നത്. അതിനാൽ പ്രദേശത്ത് കുട്ടികൾക്കും മുതിർന്നവർക്കുമടക്കം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
തെരുവ് നായ്ക്കളുടെ ക്രമാതീത വർധനവ് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് ഭീഷണിയാവുകയാണ്. ഞാറക്കാട്ടുമൂല പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ കോമ്പൗണ്ടിനുള്ളിലാണ് തെരുവ് നായ്ക്കൾ സ്വൈരവിഹാരം നടത്തുന്നതെന്നാണ് പരിസവാസികൾ പറയുന്നത്. വീടുകളിൽ വളർത്തിയിരുന്ന ആടുകളെയും കോഴികളെയും കൂട്ടത്തോടെ നായ്ക്കൾ ആക്രമിച്ച് കൊലപ്പെടുത്തുന്ന സംഭവവും ഉണ്ടായിട്ടുണ്ട്.