സൂനാമിയുടെ നീറുന്ന ഓർമകളുമായി തീരദേശ ജനത;കണ്ണീരിൽ ‘മുങ്ങി’ ദുരിതതീരം
text_fieldsഎടവനക്കാട് അണിയൽ കടപ്പുറം. നേരത്തേ ബീച്ച് റോഡ് കടന്നുപോയിരുന്ന ഭാഗത്തെ മണൽ പരപ്പിലാണ് ഇപ്പോൾ വഞ്ചികൾ കയറ്റിവെക്കുന്നത്
എടവനക്കാട്: വീണ്ടുമൊരു സൂനാമി ദുരന്ത വാർഷികം പിന്നിടുമ്പോഴും ഭീതമായ ഓർമയിൽ ഒരു സുരക്ഷയുമില്ലാതെ വൈപ്പിൻ തീരം. 19 വർഷങ്ങൾക്കിപ്പുറവും ദുരിതബാധിതർക്ക് നൽകിയ പ്രതീക്ഷകളും വാഗ്ദാനങ്ങളും എങ്ങുമെത്തിയില്ല. പ്രകൃതിദുരന്തങ്ങൾ ഓഖിയായും പ്രളയമായും പിന്നെയും വന്നു.
സൂനാമിയിൽ എടവനക്കാട് കടപ്പുറത്ത് രണ്ട് പിഞ്ചുകുഞ്ഞടക്കം അഞ്ച് ജീവനാണ് കടൽ കവർന്നത്. തിരമാലകൾ ആഞ്ഞടിച്ചാൽ ഇന്നും ഇവിടെ വീടുകളിലേക്ക് വെള്ളം എത്തുന്ന സ്ഥിതിയാണ്. കടൽജലം പ്രതിരോധിക്കാൻ ശക്തമായ ഭിത്തിയോ സഞ്ചാരയോഗ്യമായ റോഡോ ഇല്ലെന്ന് തീരദേശവാസികൾ പറയുന്നു. പുനരുദ്ധാരണത്തിന് 12.5 കോടി രൂപയുടെ സർക്കാർ പാക്കേജും സ്വകാര്യസഹായവും ലഭ്യമായിട്ടും എടവനക്കാട്ടെ കടപ്പുറത്ത് സൂനാമി തകർത്ത കടൽഭിത്തികൾ നിർമിക്കാനായില്ല. പിന്നീട് നിർമാണം പൂർത്തിയായവ പലതും തകർന്നും താഴ്ന്നും പോയി.
നായരമ്പലം വെളിയത്താംപറമ്പ് മുതൽ ചാത്തങ്ങാട് കടപ്പുറം വരെ തീരദേശറോഡ് മണൽ കയറി മൂടിക്കിടക്കുന്നതിനാൽ വാഹനങ്ങൾ ഇതുവഴി വരില്ല. അടിയന്തര ഘട്ടങ്ങളിൽ രോഗിയെ ചുമലിലേറ്റിയാണ് ആശുപത്രിയിൽ എത്തിക്കുന്നത്. നായരമ്പലം ഭാഗത്തായി ഏഴ് പുലിമുട്ടുകൾ നിർമിച്ചത് അശാസ്ത്രീയമാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. കടൽത്തിരകളെ ചെറുത്ത് തീരം സംരക്ഷിക്കാൻ മൊത്തം 16 പുലിമുട്ടുകളാണ് ഇവിടെ വിഭാവനം ചെയ്തിരുന്നത്. സൂനാമി പുനരധിവാസത്തിന് സർക്കാർ നിർമിച്ചുനൽകിയ ഫ്ലാറ്റുകളിലെ അന്തേവാസികൾ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിമൂലം ദുരിതം പേറുകയാണ്.